സോള്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മകള്‍ പതിമൂന്നുകാരിയായ കിം ജൂ ഏയെ (Kim Ju Ae) തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയന്‍ ചാര സംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് ആണ് ഈ വിവിരം പുറത്തു വിട്ടത്. പിന്‍ഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലന ഘട്ടത്തിലായിരുന്നു കിം ജൂ ഏ എന്നും അവര്‍ വ്യക്തമാക്കി.
ഈ മാസം അവസാനം ഉത്തര കൊറിയയില്‍ നടക്കുന്ന കിം ജോങ് ഉന്നിന്റെ 'വര്‍ക്കേഴ്‌സ് പാര്‍ട്ടി കൊറിയ'യുടെ കോണ്‍ഗ്രസിന് മുന്നോടിയായി നടത്തിയ ഈ നീക്കം അധികാരത്തിലേക്ക് മറ്റാരും കടക്കാതെ കുടുംബ ഭരണം മുന്നോട്ട് കൊണ്ടു പോകാന്‍ കിം ശ്രമിക്കുന്നുവെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ഈ പാര്‍ട്ടി കോണ്‍ഗ്രസിലൂടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന നയ ലക്ഷ്യങ്ങള്‍ കിം രൂപപ്പെടുത്തുകയും അധികാരത്തിലുള്ള തന്റെ പിടി കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളില്‍ പിതാവിനൊപ്പം സജീവ സാന്നിധ്യമാണ് കിം ജൂ ഏ. മകള്‍ അടുത്ത പിന്‍ഗാമിയാകുമെന്ന് അപ്പോള്‍ തന്നെ ഉത്തര കൊറിയയില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ വാര്‍ഷികാഘോഷം, കുംസുസാന്‍ പാലസ് സന്ദര്‍ശനം തുടങ്ങിയ പ്രധാന വേദികളില്‍ കിം ജോങ് ഉന്നിനൊപ്പം മകളും പങ്കെടുത്തിരുന്നു.
2022 ല്‍ ഒരു മിസൈല്‍ പരീക്ഷണ സന്ദര്‍ഭത്തിലാണ് കിം ജോങ് ഉന്നിന്റെ കൈപിടിച്ച് നടന്നുവരുന്ന കിം ജൂ ഏയെ ലോകം ആദ്യമായി കാണുന്നത്. ഇതിന് ശേഷം ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്ന ചിത്രങ്ങളില്‍ അവര്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.

പലപ്പോഴും പിതാവിനെ പിന്തുടരുന്നതിന് പകരം അദേഹത്തിന് ഒപ്പമോ അതിലുയരത്തിലോ നില്‍ക്കുന്ന രീതിയിലാണ് ജൂ ഏ പ്രത്യക്ഷപ്പെട്ടിരുന്നതെന്നതും ശ്രദ്ധേയമാണ്. ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരി ആരാകുമെന്നതിന്റെ സൂചനയായി ഇതു വ്യാഖ്യാനിക്കപ്പെട്ടിരുന്നു.
കടുത്ത പുരുഷാധിപത്യം നിലനില്‍ക്കുന്ന ഉത്തര കൊറിയന്‍ സമൂഹത്തില്‍ ഒരു പെണ്‍കുട്ടി പിന്‍ഗാമിയാകുന്നത് നിരീക്ഷകര്‍ അത്ഭുതത്തോടെയാണ് കാണുന്നത്. ജു ഏയെ കൂടാതെ പതിനഞ്ചും ഒമ്പതും വയസുള്ള രണ്ട് ആണ്‍മക്കളും ഉന്നിന് ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാല്‍ ജൂ ഏയെ മാത്രമാണ് അദേഹം ഔദ്യോഗികമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്.
കിമ്മിന്റെ സഹോദരിയായ കിം യോ ജോങിന്റെ ഭരണപരമായ സ്വാധീനം ഒരു പെണ്‍കുട്ടിക്ക് അധികാരം ലഭിക്കുന്നതിനുള്ള കാരണമായി കാണാമെന്ന് പറയുന്നവരുമുണ്ട്.
ഉത്തര കൊറിയയില്‍ സാധാരണ കുട്ടികള്‍ക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വില കൂടിയ ഡിസൈനര്‍ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ഏ പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നേതാവിനെപ്പോലെയാണ് കുട്ടിക്ക് ഔദ്യോഗിക പരിപാടികളില്‍ പരിഗണന ലഭിക്കുന്നത്.
കിം ജോങ് ഉന്‍ ഇപ്പോഴും ആരോഗ്യവാനായി തുടരുമ്പോള്‍ തന്നെ ഇത്ര നേരത്തെ പിന്‍ഗാമിയെ നിശ്ചയിക്കുന്നത് എന്തിനാണെന്നത് സംശയിക്കുന്നവരുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.