മകള്‍ കിം ജു ഏ പിന്‍ഗാമിയെന്ന് കിം ജോങ് ഉന്‍; അതൃപ്തി പ്രകടമാക്കി സഹോദരി കിം യോ ജോങ്: ഉത്തര കൊറിയയില്‍ അധികാര തര്‍ക്കം?

മകള്‍ കിം ജു ഏ പിന്‍ഗാമിയെന്ന് കിം ജോങ് ഉന്‍; അതൃപ്തി പ്രകടമാക്കി സഹോദരി കിം യോ ജോങ്: ഉത്തര കൊറിയയില്‍ അധികാര തര്‍ക്കം?

പ്യോങ്യാങ്: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ തന്റെ പതിമൂന്ന് വയസുള്ള മകള്‍ കിം ജു ഏയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കിമ്മിന്റെ നടപടി കുടുംബത്തില്‍ രൂക്ഷമായ അധികാര തര്‍ക്കത്തിന് ഇടയാക്കിയേക്കുമെന്ന് സൂചന.

മുപ്പത്തെട്ടുകാരിയായ കിമ്മിന്റെ സഹോദരി കിം യോ ജോങാണ് കുടുംബത്തിന്റെ അധികാര ഇടനാഴിയില്‍ അന്തച്ഛിദ്രത്തിന് ഒരുങ്ങുന്നതെന്നാണ് ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് വ്യക്തമാക്കുന്നത്. ഉത്തര കൊറിയയില്‍ കിം കഴിഞ്ഞാല്‍ രണ്ടാമത്തെ അധികാര കേന്ദ്രമാണ് കിം യോ ജോങ്. കിമ്മിന് ശേഷം അധികാരത്തിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന വ്യക്തി കൂടിയാണ് കിം യോ ജോങ്.

2022 നവംബറില്‍ ഒരു ദീര്‍ഘദൂര മിസൈല്‍ പരീക്ഷണ വേളയിലാണ് കിമ്മിന്റെ മകള്‍ കിം ജു ഏ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. അന്നു മുതല്‍ ആയുധ പരീക്ഷണങ്ങള്‍, സൈനിക പരേഡുകള്‍, ഫാക്ടറി സന്ദര്‍ശനങ്ങള്‍ എന്നിങ്ങനെ നിരവധി പരിപാടികളില്‍ പിതാവിനൊപ്പം പങ്കെടുത്തു.

രണ്ടാം ലോകമഹായുദ്ധ വിജയവുമായി ബന്ധപ്പെട്ട വിക്ടറി പരേഡില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി കിം ജോങ് ഉന്‍ ചൈനയിലെത്തിയപ്പോഴും മകളെ കൂടെ കൂട്ടിയിരുന്നു.

കിം യോ ജോങ് നിലവില്‍ കൊറിയന്‍ തൊഴിലാളി പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ ഉന്നത സ്ഥാനം വഹിക്കുന്നു. ഉത്തര കൊറിയയിലും പുറത്തും അവര്‍ അസാധാരണമായ പ്രതിച്ഛായ നേടിയിട്ടുണ്ട്. മൂര്‍ച്ചയേറിയ വാക്കുകള്‍ക്ക് പേരുകേട്ട ജോങ് സ്വന്തം പേരില്‍ പ്രസ്താവനകള്‍ പതിവായി നടത്തുന്നുമുണ്ട്.

രാഷ്ട്രീയപരമായും സൈനികപരമായും കിം യോ ജോങിന് ശക്തമായ പിന്തുണയുമുണ്ട്. 2022 ല്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രിയ്‌ക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. ദുരന്തം ഒഴിവാക്കണമെങ്കില്‍ ദക്ഷിണ കൊറിയ സ്വയം അച്ചടക്കം പാലിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

'ആഭ്യന്തര ശുദ്ധീകരണങ്ങള്‍ക്ക്' ഉത്തര കൊറിയ മുന്‍പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2011 ല്‍ അധികാരം ഏറ്റെടുത്ത ശേഷം കിം ജോങ് ഉന്‍ തന്റെ അമ്മാവനും ഉപദേഷ്ടാവുമായിരുന്ന ജാങ് സോങ് തൊകനെതിരെ നടപടിയെടുത്തു.

2013 ല്‍ ജാങ് സോങ് വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്തു. കിമ്മിന്റെ അര്‍ധ സഹോദരനും ഉത്തര കൊറിയയുടെ അനന്തരാവകാശിയുമായിരുന്ന കിം ജോങ് നാം, 2017 ല്‍ മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് നാഡികളെ തളര്‍ത്തുന്ന വിഷം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചരിത്രം ഇനിയും ആവര്‍ത്തിക്കുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.