മുംബൈ: മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ജീവനെടുത്ത വിമാനാപകടം സംബന്ധിച്ച് പവാര്‍ കുടുംബത്തിന്റെ സംശയങ്ങളെ പിന്തുണച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്.
ജനുവരി 28 ന് നടന്ന അപകടത്തില്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കത്തി നശിച്ചത് ദുരൂഹവും ഗുരുതരവും ആണെന്ന് അദേഹം ആരോപിച്ചു. ഈ വിഷയത്തില്‍ അന്വേഷണം നടത്താന്‍ പവാര്‍ കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും അദേഹം പറഞ്ഞു.
വിമാനാപകടത്തെക്കുറിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പവാര്‍ കുടുംബത്തിന്റെ സംശയങ്ങളെ അടിവരയിടുകയും അന്വേഷണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തുകൊണ്ടുള്ള റാവത്തിന്റെ പ്രസ്താവന.
'രോഹിത് പവാര്‍ ആ കുടുംബത്തിലെ അംഗമാണ്. അദേഹത്തിന് ഇത്തരത്തിലുള്ള സാങ്കേതിക കാര്യങ്ങളെക്കുറിച്ച് നല്ല അറിവുണ്ട്. അജിത് പവാറിന്റെ അപകടത്തെക്കുറിച്ചുള്ള ദുരൂഹമായ വസ്തുതകള്‍ വളരെ ഗുരുതരമാണ്' - അദേഹം പറഞ്ഞു.
'മഹാരാഷ്ട്ര മുഴുവന്‍ ചോദിക്കുന്നു, അജിത് ദാദയുടെ വിമാനാപകടം ഒരു അപകടമായിരുന്നോ അതോ ഗൂഢാലോചനയായിരുന്നോ? എന്റെ തോന്നല്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു. ചില ആളുകള്‍ ഇപ്പോഴും ദാദ എവിടെനിന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു.
ചിലര്‍ വിമാനത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നുവെന്നും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് അജിത് ദാദയുടെ മൃതദേഹമായിരുന്നില്ലെന്നും വിശ്വസിക്കുന്നു. ആ സംഭവം ഇപ്പോഴും ഒരു ദുസ്വപ്നം പോലെയാണ് അനുഭവപ്പെടുന്നത്'- സഞ്ജയ് റാവത്ത് പറഞ്ഞു.
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അജിത് പവാറിന്റെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കത്തി നശിച്ചു. ഇത് എങ്ങനെ സാധ്യമാകും? രോഹിത് പവാര്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെങ്കില്‍, അത് ഗുരുതരമാണ്. പവാര്‍ കുടുംബം ഇത് അന്വേഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യണം. ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങള്‍ ശരിയല്ലെന്നും റാവത്ത് പറഞ്ഞു.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (ശരത് പവാര്‍) നേതാവ് രോഹിത് പവാര്‍ അടുത്തിടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് റാവത്തിന്റെ ഈ പരാമര്‍ശങ്ങള്‍. അജിത് പവാര്‍ ഉള്‍പ്പെടെ അറ് പേര്‍ മരിച്ച ബാരമതി ലിയര്‍ജെറ്റ് 45 അപകടം ഒരു അപകടം എന്നതിനേക്കാളുപരി ഗൂഢാലോചന ആയിരിക്കാം എന്നായിരുന്നു അദേഹത്തിന്റെ ആരോപണം.
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതികളില്‍ അജിത് പവാര്‍ മാറ്റം വരുത്തിയെന്നും ഇത് ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കിയെന്നും രോഹിത് പവാര്‍ ചൂണ്ടിക്കാണിച്ചു. അപകടത്തിന് തൊട്ടുമുമ്പുള്ള 24 മണിക്കൂറാണ് സംശയത്തിന്റെ കാതല്‍. ഒരാളുടെ ഡ്രൈവറെ കൊല്ലുന്നത് അയാളെ ലക്ഷ്യമിടാനുള്ള ഏറ്റവും എളുപ്പ വഴിയാണെന്ന് പറയുന്ന ഒരു പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രോഹിത് പവാറിന്റെ ആരോപണങ്ങള്‍.
'അജിത് പവാറിന്റെ വിമാനാപകടം ഗൂഢാലോചനയുടെ ഭാഗമായിരിക്കാം. അദേഹത്തിന്റെ അപകടത്തെക്കുറിച്ച് ഞങ്ങളും ചില കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഒരാളെ കൊല്ലണമെങ്കില്‍ ഏറ്റവും എളുപ്പമുള്ള വഴി അയാളുടെ ഡ്രൈവറെ കൊല്ലുക എന്നതാണ് എന്ന് ഒരു പുസ്തകത്തില്‍ പറയുന്നുണ്ട്.
അപകടത്തിന് തലേദിവസം, ദാദ വൈകുന്നേരം മുംബൈയില്‍ നിന്ന് കാറില്‍ പുണെയിലേക്ക് വരാന്‍ തീരുമാനിച്ചിരുന്നു. അപ്പോള്‍ വാഹനവ്യൂഹവും പുറപ്പെട്ടു. എന്നാല്‍ എന്തുകൊണ്ട് ദാദ കാറില്‍ യാത്ര ചെയ്യാന്‍ പോയില്ല? അജിത് ദാദ ഒരു വലിയ നേതാവിനെ കാണാന്‍ പോകേണ്ടതായിരുന്നു'- രോഹിത് പവാര്‍ പറഞ്ഞു.
മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി അധ്യക്ഷനുമായ അജിത് പവാര്‍ ജനുവരി 28 ന് മഹാരാഷ്ട്രയിലെ ബാരാമതിയിലുണ്ടായ വിമാനാപകടത്തിലാണ് മരിച്ചത്. ഡിജിസിഎയുടെ റിപ്പോര്‍ട്ട് അനുസരിച്ച് മുംബൈയില്‍ നിന്ന് ബാരാമതിയിലേക്ക് പറക്കുകയായിരുന്ന ചാര്‍ട്ടേഡ് വിമാനം ബാരാമതിയിലെ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തകര്‍ന്നു വീഴുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.