ഷാര്‍ജ: ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശികളായ ഷറഫുദ്ദീന്‍-സഫ്ന ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. രണ്ട് വയസുകാരനായ ആ മകനെ വാഹനാപകടത്തിലൂടെ മരണം കവര്‍ന്നിട്ടും കാരണക്കാരനായ ഡ്രൈവറെ നിയമ കുരുക്കില്‍ നിന്ന് ദമ്പതികള്‍ രക്ഷപ്പെടുത്തി.
ഷറഫുദ്ദീന്റെയും സഫ്നയുടെയും മകനായ അലന്‍ റൂമിയാണ് ഫെബ്രുവരി 11 ന് ഷാര്‍ജയിലുണ്ടായ അപകടത്തില്‍ മരിച്ചത്. കളിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദേഹത്ത് വാഹനം കയറിയായിരുന്നു മരണം. മകന്റെ മരണത്തില്‍ പരാതിയില്ലെന്ന് ഷറഫുദ്ദീനും സഫ്‌നയും പൊലീസിനെ രേഖാമൂലം അറിയിച്ചു.
സന്ദര്‍ശക വിസയില്‍ ഭര്‍ത്താവിന്റെ അടുത്ത് മകനെയും കൊണ്ടെത്തിയതായിരുന്നു സഫ്‌ന. ഫ്‌ളാറ്റിന് സമീപം മണല്‍ വിരിച്ച പാര്‍ക്കിങ് ഏരിയയില്‍ മാലിന്യം നിക്ഷേപിക്കാന്‍ സഫ്‌ന പോയപ്പോള്‍ അലന്‍ പെട്ടെന്ന് കൈയില്‍ നിന്ന് കുതറിയോടുകയും തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം എടുക്കുന്നതിനിടയില്‍ കുട്ടി അതിനടിയില്‍പ്പെടുകയുമായിരുന്നു. ഡ്രൈവര്‍ കുട്ടിയെ കണ്ടിരുന്നില്ല.
അപകടം നടന്നയുടന്‍ ആംബുലന്‍സിനായി കാത്തു നില്‍ക്കാതെ ഡ്രൈവര്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരിക രക്തസ്രാവം മൂലം മരണം സംഭവിക്കുകയായിരുന്നു. റംസാനും പെരുന്നാളും ഒന്നിച്ച് ആഘോഷിക്കാനും ഏപ്രില്‍ 23ന് അലന്റെ രണ്ടാം പിറന്നാള്‍ വിപുലമായി നടത്താനും നിശ്ചയിച്ചിരിക്കെയായിരുന്നു അപകടം കുഞ്ഞിന്റെ ജീവനെടുത്തത്.
മൃതദേഹം ദുബായില്‍ സംസ്‌കരിച്ചശേഷം ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങി. ഡ്രൈവര്‍ക്കെതിരെ പരാതിയില്ലെന്ന് മടങ്ങുന്നതിന് മുന്‍പ് തന്നെ ഇവര്‍ ഷാര്‍ജ പൊലീസിനെ അറിയിച്ചിരുന്നു. കേസ് ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.
അപകടത്തിന്റെ പേരില്‍ ഡ്രൈവറെ ക്രൂശിച്ചതു കൊണ്ട് ഞങ്ങളുടെ മകനെ തിരികെ കിട്ടില്ലല്ലോയെന്നും മറ്റൊരു കുടുംബം കൂടി കണ്ണീരിലാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഷറഫുദ്ദീന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.