ഹോര്‍മൂസ് കടലിടുക്കിലെ നാവികാഭ്യാസത്തിന് ഇറാന്‍, റഷ്യന്‍ സേനയ്‌ക്കൊപ്പം ചൈനയും; ഇറാനെ തൊട്ടാല്‍ തീക്കളിയെന്ന് മുന്നറിയിപ്പ്

ഹോര്‍മൂസ് കടലിടുക്കിലെ നാവികാഭ്യാസത്തിന് ഇറാന്‍, റഷ്യന്‍ സേനയ്‌ക്കൊപ്പം ചൈനയും; ഇറാനെ തൊട്ടാല്‍ തീക്കളിയെന്ന് മുന്നറിയിപ്പ്

ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണ ഭീഷണിക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാനും റഷ്യയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തിനൊപ്പം ചൈനയും ചേര്‍ന്നു. ഇറാന്‍-റഷ്യ-ചൈന സംയുക്ത നാവികാഭ്യാസം അമേരിക്ക ഇറാനുമേല്‍ ചുമത്തുന്ന സമ്മര്‍ദ്ദത്തെ മറികടക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

ഇറാനെതിരെ ആക്രമണത്തിന് അമേരിക്ക പൂര്‍ണ സജ്ജമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇറാനും റഷ്യയും ചൈനയും ചേര്‍ന്ന് 'മാരിടൈം സെക്യുരിറ്റി ബെല്‍റ്റ്' എന്ന പേരിലുള്ള സംയുക്ത നാവികാഭ്യാസം. അതിനിടെ ഇറാനെതിരായ യുദ്ധമുണ്ടായാല്‍ അത് തീക്കളിയാകുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവറവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

റഷ്യയും ഇറാനും ചൈനയും ചേര്‍ന്നുള്ള സംയുക്ത നാവികാഭ്യാസം ഒമാന്‍ കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കന്‍ തീരത്തുമായാണ് നടക്കുന്നത്. നാവികാഭ്യാസത്തിന്റെ ഭാഗമായി മേഖലയിലൂടെ പറക്കുന്ന വൈമാനികര്‍ക്ക് നേരത്തെ ഇറാന്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം പശ്ചിമേഷ്യയിലെ അമേരിക്കയുടെ യുദ്ധസന്നാഹം അടുത്ത ആഴ്ച്ചയോടെ പൂര്‍ണമായ തോതിലെത്തും. ഇറാന്റെ തിരിച്ചടി ഉണ്ടായാല്‍ ചെറുക്കാന്‍ ഇസ്രയേല്‍ തീരത്താണ് അമേരിക്കയുടെ പ്രധാന പടക്കപ്പലായ  യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ് നിലയുറപ്പിക്കുകയെന്നും സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.