ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വസതിയിൽ ബോംബ് ഭീഷണി; ആന്റണി ആൽബനീസിനെ അടിയന്തരമായി ഒഴിപ്പിച്ചു

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വസതിയിൽ ബോംബ് ഭീഷണി; ആന്റണി ആൽബനീസിനെ അടിയന്തരമായി ഒഴിപ്പിച്ചു

കാൻബറ: ബോംബ് ഭീഷണിയെ തുടർന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ കാൻബറയിലെ ഔദ്യോഗിക വസതിയിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് 'ദ ലോഡ്ജ്' എന്ന് അറിയപ്പെടുന്ന പ്രധാനമന്ത്രിയുടെ വസതിയിൽ സുരക്ഷാ ഭീഷണിയുണ്ടായത്.

ഉടൻ തന്നെ പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസ് വസതിയിലും പരിസരത്തും കടുത്ത പരിശോധന നടത്തുകയും ചെയ്തു. പാർലമെന്റ് ഹൗസിന് സമീപമുള്ള വസതിയിൽ മൂന്ന് മണിക്കൂറോളം നീണ്ട സമഗ്രമായ പരിശോധനയാണ് നടന്നത്. പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് രാത്രി ഒൻപത് മണിയോടെ പോലീസ് സ്ഥിരീകരിച്ചു.

നിലവിൽ സുരക്ഷാ ഭീഷണികളില്ലെന്ന് ഉറപ്പുവരുത്തിയതിനെത്തുടർന്ന് പ്രധാനമന്ത്രിക്ക് വസതിയിലേക്ക് മടങ്ങാൻ അനുമതി നൽകി. ഭീഷണിയുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

സമീപ കാലത്തായി ഓസ്‌ട്രേലിയൻ ഭരണാധികാരികൾക്കും ജനപ്രതിനിധികൾക്കും നേരെ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ കഴിഞ്ഞ മാസങ്ങളിൽ നിരന്തരം ഭീഷണികൾ ഉയർന്ന സാഹചര്യത്തിൽ പൊതുപരിപാടികളിലടക്കം സുരക്ഷാ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ കഴിഞ്ഞ ഒക്ടോബറിൽ എ.എഫ്.പി പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് രൂപം നൽകിയിരുന്നു. ഫെഡറൽ രാഷ്ട്രീയക്കാർക്കും ജൂത സമൂഹത്തിലെ അംഗങ്ങൾക്കും നേരെ അതിക്രമകാരികൾ ലക്ഷ്യം വെക്കുന്നതായി ഈ മാസം ആദ്യം സെനറ്റ് കമ്മിറ്റിയിൽ എ.എഫ്.പി കമ്മീഷണർ ക്രിസ്സി ബാരറ്റ് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.