ടെഹ്‌റാന്‍: ശ്രീലങ്കന്‍ പുറം കടലില്‍ ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയെ അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമിച്ചതിന് പ്രതികാരമായി പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കന്‍ മേഖലയില്‍ അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ചതായി ഇറാന്‍.
ഇറാന്‍ സായുധ സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണ് യു.എസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടത്.
വടക്കന്‍ പേര്‍ഷ്യന്‍ ഗള്‍ഫില്‍ ഇന്ന് രാവിലെയാണ് തങ്ങളുടെ വ്യോമസേന അമേരിക്കന്‍ കപ്പലിനെ ആക്രമിച്ചതെന്നും ഐആര്‍ജിസി അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായി ഇറാന്റെ മെഹര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയുടെയും ഇസ്രയേലിന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നു പോകാന്‍ അനുവദിക്കില്ലെന്ന് ഐആര്‍ജിസി ആവര്‍ത്തിച്ചു. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും ആക്രമിക്കുമെന്നും ഐആര്‍ജിസി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാന്‍ ഇറാന് പൂര്‍ണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആര്‍ജിസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ പുറം കടലില്‍ ഇറാന്റെ യുദ്ധക്കപ്പല്‍ അന്തര്‍വാഹിനി ഉപയോഗിച്ച് അമേരിക്ക മുക്കിയത്. കപ്പലിലുണ്ടായിരുന്ന 87 നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അറുപതിലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. 32 നാവികരെ ശ്രീലങ്കന്‍ നാവിക സേന രക്ഷപെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് അമേരിക്കയുടെ എണ്ണക്കപ്പല്‍ ആക്രമിച്ചെന്ന് അവകാശപ്പെട്ട് ഇറാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇറാന്റെ യുദ്ധക്കപ്പല്‍ മുക്കിയതിന് അമേരിക്ക അത്യധികം ഖേദിക്കേണ്ടി വരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.