ടെഹ്‌റാന്‍: ഇസ്രയേലും അമേരിക്കയും ആക്രമണം തുടര്‍ന്നാല്‍ ഇസ്രയേലിലെ ഡിമോണ ആണവ കേന്ദ്രം ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാനില്‍ പുതിയതായി സ്ഥാനമേല്‍ക്കുന്നയാള്‍ ആരായാലും ഉന്മൂലനം ചെയ്യുമെന്ന ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ഭീഷണി.
ഡിമോണ ആണവ കേന്ദ്രം എന്നറിയപ്പെടുന്ന ഷിമോണ്‍ പെരെസ് നെഗേവ് ആണവ ഗവേഷണ കേന്ദ്രം ദക്ഷിണ ഇസ്രയേലിലെ നെഗേവ് മരുഭൂമിയിലാണ്. ഇസ്രയേലിലെ ഏറ്റവും വലിയ നഗരമായ ബീര്‍ഷെബയില്‍ നിന്ന് 30 കിലോ മീറ്റര്‍ തെക്കു കിഴക്കായിട്ടാണ് ഇത്.
ജോര്‍ദാന്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 25 കിലോ മീറ്റര്‍ പടിഞ്ഞാറും ഈജിപ്ഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് 75 കിലോ മീറ്റര്‍ കിഴക്കുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഡിമോണയില്‍ നടത്തുന്ന ഏതൊരു ആക്രമണവും ഇസ്രയേലിനു മാത്രമല്ല, ജോര്‍ദാന്‍, ഈജിപ്ത് പോലുള്ള അയല്‍രാജ്യങ്ങള്‍ക്കും വലിയ അപകടമുണ്ടാക്കും.
ഇസ്രയേലില്‍ ഏറ്റവും കൂടുതല്‍ സുരക്ഷയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ഒന്നായ ഡിമോണ ഔദ്യോഗികമായി ഗവേഷണ കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ഇത് ആണവ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ട്.
1958 ലാണ് ഇതിന്റെ നിര്‍മാണം ആരംഭിച്ചത് 1962 നും 1964 നും ഇടയില്‍ പ്രവര്‍ത്തന ക്ഷമമാവുകയും ചെയ്തു. ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, വികസനം, ഉല്‍പാദനം എന്നിവയുടെ പ്രധാന കേന്ദ്രമായി ഈ സ്ഥലം മാറി.
1977-1985 കാലഘട്ടത്തില്‍ അവിടെ ജോലി ചെയ്തിരുന്ന മോര്‍ഡെകായ് വാനുനു എന്നയാള്‍ 1986 ല്‍ ഈ കേന്ദ്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നത് വരെ ഈ കേന്ദ്രം വളരെ രഹസ്യമായിരുന്നു. ഈ കേന്ദ്രത്തിലെ ഒട്ടേറെ ഫോട്ടോകളും അദേഹം പുറത്തു വിട്ടിരുന്നു.
ആണവ നിരോധന ഉടമ്പടിയില്‍ ഇസ്രയേല്‍ ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് ഡിമോണ കേന്ദ്രം പരിശോധിക്കാനും അധികാരമില്ല.
ഇസ്രയേലിന്റെ ആണവ കേന്ദ്രങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യമിടാന്‍ ഇറാന് കഴിയുമോ എന്നത് സംശയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡിമോണയെ ലക്ഷ്യമിടാന്‍ ഇറാന് മിസൈല്‍ ശേഷിയുണ്ടെങ്കിലും ഇസ്രയേലിന്റെ നൂതന പ്രതിരോധ സംവിധാനങ്ങള്‍ കാരണം ഇത്തരമൊരു ആക്രമണത്തിന് സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്.
ആരോ 2, ആരോ 3, ഡേവിഡ്‌സ് സ്ലിംഗ് എന്നിവ കൊണ്ട് സംരക്ഷിക്കപ്പെടുന്ന ലോകത്തിലെ ഏറ്റവും സംരക്ഷിത സ്ഥലങ്ങളില്‍ ഒന്നാണ് ഡിമോണ. കൂടാതെ അയണ്‍ ബീം ലേസര്‍ സംവിധാനവും ഇസ്രയേല്‍ ഉപയോഗിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.