'എന്‍ഡിഎയ്ക്ക് ഇത്തവണ അവസരം തരൂ... വികസനം ഉറപ്പ്'; ഇത് മോഡിയുടെ ഗ്യാരണ്ടിയെന്ന് പ്രധാനമന്ത്രി

'എന്‍ഡിഎയ്ക്ക് ഇത്തവണ അവസരം തരൂ... വികസനം ഉറപ്പ്'; ഇത് മോഡിയുടെ ഗ്യാരണ്ടിയെന്ന് പ്രധാനമന്ത്രി

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ കേരളത്തിന് വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേരളത്തിന് മോഡിയുടെ ഗ്യാരണ്ടിയാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊച്ചിയിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

ഇത്തവണ എന്‍ഡിഎയ്ക്ക് അഞ്ച് വര്‍ഷം നിങ്ങളെ സേവിക്കാനുള്ള അവസരം നല്‍കണം. എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കേരളം ആഗ്രഹിക്കുന്നുണ്ട്. അഴിമതി മാഫിയെയും ചുവപ്പുനാട മാഫിയെയും ഹര്‍ത്താല്‍ മാഫിയയെയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ തുടച്ചു നീക്കുമെന്നും മോഡി പറഞ്ഞു.

'ജയ് കേരളം, ജയ് വികസിത കേരളം' എന്ന മുദ്രാവാക്യം മുഴക്കിയാണ് മോഡി പ്രസംഗം ആരംഭിച്ചത്. യുഡിഎഫും എല്‍ഡിഎഫും രണ്ടല്ല ഒന്നാണ്. വികസിത കേരളം സൃഷ്ടിക്കാന്‍ എന്‍ഡിഎയ്ക്ക് മാത്രമേ കഴിയുകയുള്ളു. തൃശൂര്‍ ജനതയും തിരുവനന്തപുരം ജനതയും എന്‍ഡിഎയെ വിശ്വാസത്തിലെടുത്തു. ഇനി മുഴുവന്‍ കേരളവും എന്‍ഡിഎയെ വിശ്വാസത്തിലെടുക്കാന്‍ പോവുകയാണ്.

'അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും കേരളത്തിന് കിട്ടേണ്ട വികസനം ഉണ്ടായിട്ടില്ല. ഇതിന് കാരണം മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫുമാണ്. ഇരുമുന്നണികളും കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോണ്‍ഗ്രസിലെ യുവാക്കള്‍ക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ എവിടെ എത്തിയെന്നു പോലും അറിയില്ല. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ച് അവര്‍ക്ക് അറിയില്ല'- മോഡി പരിഹസിച്ചു.

കേരളത്തില്‍ നിക്ഷേപങ്ങള്‍ കൂട്ടും. ഹര്‍ത്താല്‍ മാഫിയയെയും അഴിമതി മാഫിയയെയും ബിജെപി തുടച്ചു നീക്കും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. മത്സ്യ തൊഴിലാളികള്‍ക്കും കിസാന്‍ ക്രഡിറ്റ് നല്‍കിയ സര്‍ക്കാരാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍. മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ കേന്ദ്ര സര്‍ക്കാര്‍ നല്‍കി. മത്സ്യ തൊഴിലാളി മേഖല ശക്തിപ്പെടുത്താനുള്ള പരിഗണനയുടെ തെളിവാണ് വിഴിഞ്ഞം തുറമുമെന്നും അദേഹം വ്യക്തമാക്കി.

യുദ്ധ സാഹചര്യത്തില്‍ ഗള്‍ഫിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗള്‍ഫ് സംഘര്‍ഷത്തില്‍ ഇന്ത്യക്കാരുടെ ആശങ്കകള്‍ക്കിടയിലും കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. മോഡിയെ വിമര്‍ശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് മുന്നണികളും പങ്കാളികളാണെന്ന് മോഡി വിമര്‍ശിച്ചു. യുഡിഎഫ് കാലത്ത് സോളാര്‍ അഴിമതിയായിരുന്നു ചര്‍ച്ചയെങ്കില്‍ എല്‍ഡിഎഫ് കാലത്ത് സിഎംആര്‍എല്‍ അഴിമതിയായിരുന്നു ചര്‍ച്ച. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എംഎംസി കോണ്‍ഗ്രസായി മാറി. മുസ്ലിം ലീഗ് മാവോ കോണ്‍ഗ്രസായി കോണ്‍ഗ്രസ് മാറി. അധികാരം കിട്ടാന്‍ ജമാഅത്തെ ഇസ്ലാമിയുമായി വരെ കൂട്ടു ചേരുന്നുവെന്നും മോഡി വിമര്‍ശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.