'സമാധാനത്തിലേക്ക് മടങ്ങാം'; യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ട് വച്ച് ഇറാന്‍

'സമാധാനത്തിലേക്ക് മടങ്ങാം'; യുദ്ധം അവസാനിപ്പിക്കാന്‍ മൂന്ന് നിബന്ധനകള്‍ മുന്നോട്ട് വച്ച് ഇറാന്‍

ടെഹ്റാന്‍: രണ്ടാഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന സൂചന നല്‍കി ഇറാന്‍. റഷ്യയുമായും പാകിസ്ഥാനുമായും നടത്തിയ ഉന്നതതല ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.

മൂന്ന് ഉപാധികളാണ് പ്രധാനമായും ഇറാന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. ഇറാന്റെ പരമാധികാരവും അന്താരാഷ്ട്ര തലത്തിലുള്ള അവകാശങ്ങളും അമേരിക്കയും ഇസ്രയേലും ഔദ്യോഗികമായി അംഗീകരിക്കണം. ഫെബ്രുവരി 28 മുതല്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഇറാന് ഉണ്ടായ സാമ്പത്തികവും സൈനികവുമായ കനത്ത നഷ്ടങ്ങള്‍ക്ക് കൃത്യമായ പരിഹാരം നല്‍കണം. ഭാവിയില്‍ ഇറാന്റെ മണ്ണില്‍ വീണ്ടും ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന് അമേരിക്കയും ഇസ്രയേലും രേഖാമൂലം ഉറപ്പ് നല്‍കണം എന്നിവയാണ് ഉപാധികള്‍.

സമാധാന ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നേരിട്ട് ഇടപെടുന്നതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പുടിന്‍ സമാധാന നിര്‍ദേശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സ്ഥാനമില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന ഇറാന്‍, ഇപ്പോള്‍ ഉപാധികള്‍ മുന്നോട്ടു വെച്ചത് ശുഭ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. എന്നാല്‍ ഇറാന്റെ ഉപാധികള്‍ അംഗീകരിക്കാന്‍ അമേരിക്കയും ഇസ്രയേലും തയ്യാറാകുമോ എന്നതാണ് ഇനി അറിയേണ്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.