'അയാള്‍ക്ക് പരിക്കേറ്റ് തിരിച്ചറിയാനാകാത്ത തരത്തില്‍ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്'; മുജ്താബയ്ക്ക് പരിക്കേറ്റതായി യു.എസ് പ്രതിരോധ സെക്രട്ടറി

'അയാള്‍ക്ക് പരിക്കേറ്റ് തിരിച്ചറിയാനാകാത്ത തരത്തില്‍ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്'; മുജ്താബയ്ക്ക് പരിക്കേറ്റതായി യു.എസ് പ്രതിരോധ സെക്രട്ടറി

വാഷിങ്ടണ്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്താബ ഖൊമേനിക്ക് പരിക്കേല്‍ക്കുകയും ശരീരം തിരിച്ചറിയാനാകാത്ത തരത്തില്‍ രൂപമാറ്റം വരികയും ചെയ്തിട്ടുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. വ്യോമാക്രമണത്തില്‍ മുജ്താബയ്ക്ക് ഗുരുതര പരിക്കേറ്റെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഹെഗ്സെത്തിന്റെ പരാമര്‍ശം.

പുതിയ പരമോന്നത നേതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന, എന്നാല്‍ അത്രയ്ക്കൊന്നുമില്ലാത്ത നേതാവിന് പരിക്കേറ്റിട്ടുണ്ടെന്നും തിരിച്ചറിയാനാകാത്ത വിധം രൂപമാറ്റം സംഭവിച്ചിട്ടുണ്ടെന്നും തങ്ങള്‍ക്കറിയാം. അദേഹം ഇന്നലെ ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നെങ്കിലും ശബ്ദമോ ദൃശ്യങ്ങളോ ഇല്ലായിരുന്നു. അത് കേവലം എഴുതി തയാറാക്കിയ പ്രസ്താവന മാത്രമായിരുന്നു. യു.എസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇറാന്റെ നേതൃത്വം ഒളിവില്‍ പോയെന്നും ഹെഗ്സെത്ത് വ്യക്തമാക്കി.

ഇറാന് ധാരാളം ക്യാമറകളും ശബ്ദം റെക്കോഡ് ചെയ്യാനുള്ള അനവധി സംവിധാനങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് എഴുതി തയാറാക്കിയ പ്രസ്താവന. അയാള്‍ ഭയന്നിരിക്കുന്നു. അയാള്‍ക്ക് പരിക്കേറ്റു. അയാള്‍ ഒളിച്ചിരിക്കുകയാണ്. അയാള്‍ക്ക് ആധികാരികതയില്ല. ഇത് അവര്‍ക്കൊരു വിഷമസന്ധിയാണെന്നും പീറ്റ് ഹെഗ്സെത്ത് കൂട്ടിച്ചേര്‍ത്തു. ആരാണ് ഇറാന്റെ നേതൃത്വം വഹിക്കുന്നതെന്ന് ആരാഞ്ഞ ഹെഗ്സെത്ത്, ഇറാന് പോലും അക്കാര്യം അറിയണമെന്നില്ലെന്നും പരിഹസിച്ചു.

മുജ്താബ കോമയിലാണെന്നും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഒരു കാല്‍ നഷ്ടപ്പെട്ടു എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മുജ്താബയ്ക്ക് ഒരു കാല്‍ നഷ്ടമായെന്നും വയറില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയോ കരളിന് ക്ഷതം സംഭവിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നും 'ദ സണ്‍' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ടെഹ്റാനിലെ സിനാ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ശക്തമായ സുരക്ഷാവലയത്തില്‍ ചികിത്സയിലാണെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍, അദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും പറഞ്ഞിരുന്നു.

ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വ്യാഴാഴ്ചയാണ് മുജ്താബയുടെ ആദ്യ പ്രതികരണം പുറത്ത് വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.