വിശുദ്ധ നാട്ടിലെ കണ്ണീരൊപ്പാൻ ദുഖവെള്ളിയാഴ്ചയിലെ സ്തോത്രക്കാഴ്ച; പുനരധിവാസത്തിന് മുൻഗണനയെന്ന് വത്തിക്കാൻ

വിശുദ്ധ നാട്ടിലെ കണ്ണീരൊപ്പാൻ ദുഖവെള്ളിയാഴ്ചയിലെ സ്തോത്രക്കാഴ്ച; പുനരധിവാസത്തിന് മുൻഗണനയെന്ന് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: വിശുദ്ധ നാട്ടിലെ യുദ്ധബാധിതരെയും ദാരിദ്ര്യത്തിൽ കഴിയുന്നവരെയും സഹായിക്കുന്നതിനായി ദുഖവെള്ളിയാഴ്ചയിലെ സ്തോത്രക്കാഴ്ച വിനിയോഗിക്കുമെന്ന് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്ട്രി അധ്യക്ഷൻ കർദിനാൾ ക്ലോഡിയോ ഗുജറോട്ടി അറിയിച്ചു. മുൻകാലങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ തുക നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു പുനരധിവാസ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുമെന്ന് അദേഹം വ്യക്തമാക്കി.

യുദ്ധം തകർത്ത ജനതയുടെ അതിജീവനത്തിനായി ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾ നൽകുന്ന ഈ സംഭാവനയ്ക്ക് വലിയ പ്രസക്തിയുണ്ടെന്ന് കർദിനാൾ പറഞ്ഞു. ലോകമെമ്പാടുമുള്ള ബിഷപ്പുമാർക്കായി പുറപ്പെടുവിച്ച കത്തിന്റെ പശ്ചാത്തലത്തിൽ വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഈ വർഷത്തെ തുകയുടെ ഒരു ഭാഗം വിശുദ്ധ നാട്ടിലെ ദരിദ്രരായ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് സഭ ലക്ഷ്യമിടുന്നത്.

യേശുക്രിസ്തു ജനിച്ച മണ്ണിൽ നിന്ന് ക്രൈസ്തവ സാന്നിധ്യം തുടച്ചുനീക്കപ്പെടാൻ വിശ്വാസികൾ അനുവദിക്കരുതെന്ന് കർദിനാൾ ആഹ്വാനം ചെയ്തു. യുദ്ധം ഭയാനകമായ രീതിയിൽ പടരുന്ന സാഹചര്യത്തിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് പരിധികളുണ്ട്. എങ്കിലും സാധ്യമായ സ്ഥലങ്ങളിലെല്ലാം ജീവൻ സംരക്ഷിക്കാൻ കത്തോലിക്കാ സഭ നേരിട്ട് ഇടപെടും. നിരവധി ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന വിശുദ്ധ നാട്ടിലെ ജനങ്ങളെ സഹായിക്കാൻ ഓരോ വിശ്വാസിയും മുന്നോട്ടുവരണമെന്ന് കർദിനാൾ അഭ്യർത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.