ന്യൂയോര്‍ക്ക്: കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്ക്കെതിരെ അമേരിക്കയില്‍ ക്രിമിനല്‍ അന്വേഷണം. 2022 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പെട്രോ മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് പണം കൈപ്പറ്റിയോ, അവരുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയോ എന്നിങ്ങനെ രണ്ട് വ്യത്യസ്ത അന്വേഷണമാണ് യു.എസ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിക്കുന്നത്.
പെട്രോയുടെ പ്രതിനിധികള്‍ മയക്കുമരുന്ന് കടത്തുകാരുമായി ചര്‍ച്ച നടത്തിയെന്നും അമേരിക്കയിലേക്ക് കൈമാറുന്നത് ഒഴിവാക്കാമെന്ന വാഗ്ദാനം നല്‍കി കൈക്കൂലി ആവശ്യപ്പെട്ടെന്നുമാണ് പ്രധാന ആരോപണം. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍, മാന്‍ഹട്ടന്‍ കോടതികളിലാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ അമേരിക്കന്‍ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ പെട്രോയെ ഒരു 'പ്രയോറിറ്റി ടാര്‍ഗെറ്റ്' ആയി പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ പെട്രോ തന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു മയക്കുമരുന്ന് കടത്തുകാരനുമായി സംസാരിച്ചിട്ടില്ലെന്ന് എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഈ നീക്കം കൊളംബിയയിലെ തീവ്ര വലതുപക്ഷക്കാരുടെ ഗൂഢാലോചനയാണെന്നും അദേഹം ആരോപിച്ചു.
2025 ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരമേറ്റത് മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പെട്രോയെ മയക്കുമരുന്ന് നേതാവ് എന്ന് ട്രംപ് വിശേഷിപ്പിക്കുകയും കൊളംബിയക്കെതിരെ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.
മെയ് 31 ന് കൊളംബിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ അന്വേഷണ വാര്‍ത്ത പുറത്ത് വരുന്നത്. നിലവിലെ സര്‍വേകള്‍ പ്രകാരം പെട്രോയുടെ സഖ്യകക്ഷിയായ ഇവാന്‍ സെപെഡ മുന്നിലാണെങ്കിലും ഈ അന്വേഷണം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനുള്ള അമേരിക്കയുടെ ശ്രമമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മാത്രമല്ല വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സേന പിടികൂടി ന്യൂയോര്‍ക്കിലെ ജയിലിലടച്ചതിന് സമാനമായ നീക്കങ്ങള്‍ കൊളംബിയക്കെതിരെയും ഉണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.