പെർത്ത് സെന്റ് ജോസഫ് ഇടവകയിൽ വിശുദ്ധ യൗസേപ്പിന്റെ മരണതിരുനാൾ ആഘോഷിച്ചു

പെർത്ത് സെന്റ് ജോസഫ് ഇടവകയിൽ വിശുദ്ധ യൗസേപ്പിന്റെ മരണതിരുനാൾ ആഘോഷിച്ചു

പെർത്ത്: പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ ദൈവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാൾ ഭക്ത്യാദരപൂർവ്വം ചടങ്ങുകളോടെ ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തിന് നടന്ന ആഘോഷപൂർവ്വമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഡിനോ വാഴച്ചാലിൽ വി. സി മുഖ്യകാർമ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. അജിത് ചേര്യേക്കര, അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലമ്പറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. കുർബാനയെ തുടർന്ന് ലദീഞ്ഞും പരമ്പരാഗത രീതിയിലുള്ള പ്രദക്ഷിണവും നടന്നു.



കൊടികളും മുത്തുക്കുടകളും കുരിശുകളുമായി അനേകം വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. തിരുനാളിനോടനുബന്ധിച്ച് ദേവാലയവും പരിസരവും കൊടിതോരണങ്ങളാലും ദീപാലങ്കാരങ്ങളാലും മനോഹരമായി അലങ്കരിച്ചിരുന്നു. തിരുനാൾ കർമ്മങ്ങൾക്ക് ശേഷം വിഭവസമൃദ്ധമായ ഊട്ടുനേർച്ചയും നടന്നു.



ഒൻപത് ദിവസം നീണ്ടുനിന്ന നൊവേന പ്രാർത്ഥനകളിലൂടെയാണ് വിശ്വാസികൾ തിരുനാളിനായി ഒരുങ്ങിയത്. കഴിഞ്ഞ ഒരു വർഷം വിശുദ്ധ യൗസേപ്പിതാവ് വഴി ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും പ്രത്യേക നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുന്നതിനുമുള്ള അവസരമായി വിശ്വാസികൾ തിരുനാളിനെ കണ്ടു. മാർച്ച് 13 ന് ഇടവക വികാരി തിരുനാൾ പതാക ഉയർത്തിയതോടെയാണ് ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്.



ഇടവകയിലെ 400 ലധികം പേർ തിരുനാൾ പ്രസീദന്തിമാരായി പങ്കെടുത്തു. നൊവേന ദിവസങ്ങളിൽ വിവിധ പ്രാർത്ഥനാ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ നേർച്ചകളും ഒരുക്കിയിരുന്നു. ഭക്ഷണം, പ്രദക്ഷിണം, ഫോട്ടോഗ്രാഫി, ലൈറ്റ് ആൻഡ് സൗണ്ട്, അലങ്കാരം, പാർക്കിംഗ്, നേർച്ച, ഫിനാൻസ്, ലിറ്റർജി തുടങ്ങി നിരവധി സബ് കമ്മിറ്റികൾ പ്രവർത്തിച്ചു.

ഇടവക വികാരി ഫാ. അജിത് ചേര്യേക്കര, അസിസ്റ്റന്റ് വികാരി ഫാ. ബിബിൻ വേലമ്പറമ്പിൽ കൈക്കാരന്മാരായ മാത്യു മത്തായി, അഗസ്റ്റിൻ തോമസ്, ജോജു ഗ്രിഗോറിയോസ്, ബിവിൻ ബിനോയ് എന്നിവരും തിരുനാൾ കമ്മിറ്റി കോർഡിനേറ്റർ പ്രിൻസ് സെബാസ്റ്റ്യനും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. തിരുനാളിനോടനുബന്ധിച്ച് യുവജനങ്ങളുടെ നേതൃത്വത്തിൽ ഡാൻസ് പ്രോഗ്രാമും സംഘടിപ്പിച്ചിരുന്നു.

ഫോ‌‌‌ട്ടോ- ബിജു പെർത്ത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.