ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിയം, ക്രൂഡ് ഓയില്‍, വാതകം, ഊര്‍ജം, വളം തുടങ്ങിയ മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുത്ത യോഗം വിഭവങ്ങളുടെ തടസമില്ലാത്ത വിതരണവും സുസ്ഥിരമായ ലോജിസ്റ്റിക്‌സും ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നു.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വ്യാപാര പാതകള്‍ തടസപ്പെട്ടത് ആഗോള ഊര്‍ജ വിപണിയെയും സാമ്പത്തിക സ്ഥിരതയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇസ്രയേല്‍-യു.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളുടെ ആഘാതം ഇന്ത്യയിലും പ്രതിഫലിച്ചിരുന്നു. വ്യാവസായിക ഡീസലിന്റെ വിലയില്‍ 25 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ലിറ്ററിന് 87.67 രൂപയില്‍ നിന്ന് 109.59 രൂപയായി ഇത് ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഊര്‍ജ സുരക്ഷ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സജീവമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിപണിയിലെ ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന വാണിജ്യ എല്‍പിജിയുടെ അളവ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കാനാണ് നിര്‍ദേശം. ഗാര്‍ഹിക-വാണിജ്യ ഉപയോക്താക്കള്‍ക്കിടയില്‍ പിഎന്‍ജി കണക്ഷനുകള്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, എല്‍പിജി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അധികൃതര്‍ വ്യാപകമായി റെയ്ഡുകള്‍ നടത്തി വരുന്നുണ്ട്.
അതേസമയം രാജ്യത്തെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും ചരക്ക് നീക്കത്തില്‍ തടസങ്ങളില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമേരിക്കയിലെ ടെക്‌സസില്‍ നിന്നുള്ള എല്‍പിജി കപ്പല്‍ മംഗളൂരു തുറമുഖത്ത് എത്തിയത് വലിയ ആശ്വാസമായിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.