ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാചകവാതക ക്ഷാമം പരിഹരിക്കാനായി ഗാര്‍ഹിക സിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കുറയ്ക്കാന്‍ നീക്കം. ഇതനുസരിച്ച് വിലയിലും കുറവുണ്ടാകും.
നിലവില്‍ 14.2 കിലോ എല്‍പിജിയുള്ള ഗാര്‍ഹിക സിലിണ്ടറുകള്‍ 10 കിലോയായി കുറയ്ക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നത്. ഇതുസംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ നടപടി പ്രാബല്യത്തിലാകൂ.
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ടാങ്കറുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് എല്‍പിജി ക്ഷാമം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയുണ്ട്. ടാങ്കറുകള്‍ കടത്തി വിടുന്നതിനായി ഇറാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും യുദ്ധത്തിന്റെ ഗതി നിര്‍ണയിക്കാനാകാത്തതിനാല്‍ എല്‍പിജി ക്ഷാമം തുടരാനാണ് സാധ്യത.
ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ശരാശരി 35 മുതല്‍ 40 ദിവസം വരെ ഒരു സിലിണ്ടര്‍ ഉപയോഗിക്കാനാകും. നിലവിലുള്ള നിയന്ത്രണ പ്രകാരം നഗര മേഖലകളില്‍ 25 ദിവസം കഴിഞ്ഞാല്‍ മാത്രമേ പുതിയ സിലിണ്ടര്‍ ബുക്ക് ചെയ്യാനാകൂ. ഗ്രാമീണ മേഖലകളില്‍ ഇത് 45 ദിവസമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളിലേക്ക് എല്‍പിജി എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാറ്റത്തെപ്പറ്റി ആലോചിക്കുന്നതെന്നാണ് വിവരം.
വാണിജ്യ സിലിണ്ടറുകള്‍ കിട്ടാനില്ലാത്തതിനാല്‍ ഭക്ഷണ ശാലകള്‍ പലതും പൂട്ടിക്കിടക്കുകയാണ്. ചിലര്‍ വിറകടുപ്പില്‍ പാകം ചെയ്തും മെനുവില്‍ മാറ്റം വരുത്തിയും പ്രതിസന്ധിയെ നേരിടാനുള്ള ശ്രമത്തിലാണ്. എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് പുറമെ ഹോസ്റ്റലുകളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.