സിഡ്‌നി: ഗർഭസ്ഥ ശിശുക്കളുടെ സ്മരണാർത്ഥവും മനുഷ്യജീവന്റെ മഹത്വം വിളിച്ചോതിയും സിഡ്‌നിയിൽ കത്തോലിക്കാ വിശ്വാസികളുടെ വൻ ശക്തിപ്രകടനം. 'ജീവന്റെ സംസ്കാരം' (Culture of Life) ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്ത് നടന്ന പ്രോലൈഫ് റാലിയിൽ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു. 2001 ൽ ആരംഭിച്ച ഈ വാർഷികാചരണം ജനപങ്കാളിത്തം കൊണ്ട് ഇത്തവണ ചരിത്രമായി.
സെന്റ് മേരീസ് കത്തീഡ്രലിൽ അർപ്പിച്ച സവിശേഷമായ വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ മുഖ്യകാർമ്മികത്വം വഹിച്ചു. ഗർഭപാത്രത്തിൽ വച്ച് ഇല്ലാതാക്കപ്പെടുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും കർത്താവ് വിലപിക്കുകയാണെന്ന് അർച്ചു ബിഷപ്പ് തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കപ്പെടേണ്ടത് ഒരു സമൂഹത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും അദേഹം കൂട്ടിച്ചേർത്തു.
പ്രാർത്ഥനാമന്ത്രങ്ങളുമായി പാർലമെന്റ് ഹൗസിലേക്ക്
ദിവ്യബലിക്ക് ശേഷം സിഡ്‌നി നഗരമധ്യത്തിലൂടെ പാർലമെന്റ് ഹൗസിലേക്ക് നടന്ന റാലി വിശ്വാസസാക്ഷ്യത്തിന്റെ ഉജ്വലമായ കാഴ്ചയായി.
ജപമാല ചൊല്ലിയും പ്രാർത്ഥനാ ഗീതങ്ങൾ ആലപിച്ചുമാണ് വിശ്വാസികൾ നീങ്ങിയത്.
"ജീവനെ സ്നേഹിക്കുക", "ഗർഭസ്ഥ ശിശുക്കൾക്കും ജീവിക്കാൻ അവകാശമുണ്ട്" തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ റാലിയിൽ ഉടനീളം ദൃശ്യമായിരുന്നു.
യുവജന സംഘടനകൾ, വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ, സന്യസ്തർ എന്നിവരുടെ സജീവ സാന്നിധ്യം റാലിക്ക് കരുത്തേകി.
റാലിയുടെ സമാപനത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്ത ഫാ. ഡാനിയേൽ റൂസോ ഗർഭഛിദ്ര വിരുദ്ധ പോരാട്ടം കേവലം ഒരു പ്രതിഷേധമല്ലെന്ന് ഓർമ്മിപ്പിച്ചു. "സമൂഹത്തിൽ സ്ത്രീകളുടെ അന്തസും അവരുടെ വിളിയും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യുമ്പോഴാണ് ജീവന്റെ സംസ്കാരം പൂർണമാകുന്നത്. ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം അമ്മമാരെ ചേർത്തുപിടിക്കാനും നമുക്ക് സാധിക്കണം," അദേഹം പറഞ്ഞു.
ഓരോ വർഷം കഴിയുന്തോറും പ്രോലൈഫ് റാലിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആവേശകരമാണെന്ന് സംഘാടകർ അറിയിച്ചു. വിശ്വാസത്തിന്റെ പരസ്യമായ പ്രകടനമെന്ന നിലയിൽ സിഡ്‌നിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒന്നായി ഈ റാലി മാറിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.