കൊച്ചി: വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശബരിമല കൊടിമര പുനപ്രതിഷ്ഠയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി അവസാനിപ്പിച്ചു.
കൊടിമര നിര്‍മാണത്തിനായി ഭക്തരില്‍ നിന്ന് സംഭാവനയായി ലഭിച്ച സ്വര്‍ണം പൂര്‍ണമായും ഇതിനായിത്തന്നെ ഉപയോഗിച്ചുവെന്നും രേഖകളില്ലാതെ സ്വര്‍ണം കൈപ്പറ്റിയതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് കേസ് അവസാനിപ്പിക്കാന്‍ കോടതി തീരുമാനിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ് സര്‍ക്കാരിനെയും സിപിഎം നേതാക്കളെയുമൊക്കെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഘട്ടത്തിലാണ് യുഡിഎഫ് ഭരണസമിതിക്കെതിരേ ഇത്തരത്തില്‍ ഒരു ക്രമക്കേടില്‍ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ മുമ്പാകെ വന്നത്.
ദേവസ്വം വിജിലന്‍സാണ് ശബരിമല കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നെന്ന് റിപ്പോര്‍ട്ട് കൊടുത്തത്. തുടര്‍ന്നാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ കേസെടുക്കേണ്ടതുണ്ടോ എന്ന കാര്യം പ്രത്യേകം പരിശോധിക്കാന്‍ സംസ്ഥാന വിജിലന്‍സ് മേധാവിയോട് നിര്‍ദേശിച്ചത്.
ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 പേരാണ് കൊടിമരം പുനപ്രതിഷ്ഠയ്ക്കായി സ്വര്‍ണം നല്‍കിയത്. ഇതില്‍ 23 പേരെയും കണ്ടെത്തി അന്വേഷണ സംഘം വിശദമായി മൊഴിയെടുത്തു. കൃത്യമായ മേല്‍വിലാസം ഇല്ലാത്തതിനാല്‍ അവശേഷിക്കുന്ന നാല് പേരെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.
ഇവര്‍ സംഭാവനയായി നല്‍കിയ സ്വര്‍ണം മുഴുവനായും നിര്‍മാണ ആവശ്യങ്ങള്‍ക്കായി തന്നെ വിനിയോഗിച്ചുവെന്നും വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ക്രമക്കേട് നടന്നതിന് യാതൊരു തെളിവുമില്ലെന്ന് സംസ്ഥാന വിജിലന്‍സ് മേധാവി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച കോടതി കേസ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ യുഡിഎഫിന് ആശ്വാസമാകുന്നതാണ് കോടതിയുടെ തീരുമാനം. പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലയളവിലാണ് കൊടിമര നിര്‍മാണത്തില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നത്. അന്നത്തെ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിനും യുഡിഎഫിനും കോടതി തീരുമാനം ആശ്വാസകരമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.