വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ നിര്‍ണായക നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായും രാജ്യവുമായി ഉടന്‍ സമാധാന കരാറില്‍ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.
യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ 15 നിര്‍ദേശങ്ങള്‍ അടങ്ങിയ വിപുലമായ സമാധാന പദ്ധതിയാണ് യു.എസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാന്റെ പക്കലുള്ള എല്ലാ ആണവ സാമഗ്രികളും നശിപ്പിക്കണം. യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും അവസാനിപ്പിക്കുകയും നിലവിലുള്ള സമ്പുഷ്ട യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റണം. ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിനും വികസനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായി ഹോര്‍മുസ് കടലിടുക്കിനെ സ്വതന്ത്ര സമുദ്ര മേഖല ആയി പ്രഖ്യാപിക്കണം. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ സംഘടനകള്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക-സൈനിക സഹായങ്ങള്‍ ഇറാന്‍ പൂര്‍ണമായും അവസാനിപ്പിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.
കരാര്‍ അംഗീകരിക്കുകയാണെങ്കില്‍ ഇറാന് മേലുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യാന്‍ അമേരിക്ക തയ്യാറാകും. കൂടാതെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ നിലയങ്ങള്‍ നിര്‍മിക്കാന്‍ ഇറാന് സാങ്കേതിക സഹായം നല്‍കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. താന്‍ ആരെയും അന്ധമായി വിശ്വസിക്കാറില്ലെന്നും ഇപ്പോള്‍ ശരിയായ ആളുകളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെ മുഖ്യ മധ്യസ്ഥനാക്കാനാണ് ഇറാന്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
അതേസമയം ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിനായി ഒരു മാസത്തെ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ഇറാനില്‍ പുതിയൊരു നേതൃനിര ഉദയം ചെയ്തിട്ടുണ്ടെന്നും അവര്‍ കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.