പെർത്ത്: ഓസ്‌ട്രേലിയൻ തീരത്ത് ഭീതി വിതച്ച് 'നരേല്ല' ചുഴലിക്കാറ്റ് അതിശക്തമാകുന്നു. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്ന കാറ്റ് വ്യാഴാഴ്ച രാത്രിയോടെ ഏറ്റവും അപകടകാരിയായ കാറ്റഗറി 5 നിലവാരത്തിലേക്ക് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 275 കിലോമീറ്റർ വരെ വേഗതയുള്ള അതിശക്തമായ കാറ്റും പ്രളയസമാനമായ മഴയുമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഓസ്‌ട്രേലിയയുടെ മൂന്ന് സംസ്ഥാനങ്ങളിൽ ഒരേപോലെ ആഞ്ഞടിക്കുന്ന ആദ്യത്തെ തീവ്ര ചുഴലിക്കാറ്റാണ് നരേല്ല. പത്ത് ദിവസം മുൻപ് ക്വീൻസ്‌ലൻഡ് തീരത്ത് രൂപംകൊണ്ട ഈ പ്രതിഭാസം ഇതിനോടകം തന്നെ വടക്കൻ മേഖലകളിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. നിലവിൽ പടിഞ്ഞാറൻ തീരത്തെ എക്‌സ്‌മൗത്ത്, കാർനാർവോൺ, ഡെൻഹാം എന്നീ നഗരങ്ങളാണ് കാറ്റിന്റെ നേരിട്ടുള്ള പാതയിലുള്ളത്.
കാറ്റിന്റെ തീവ്രത കണക്കിലെടുത്ത് ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 200 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത വീടുകളിൽ താമസിക്കുന്നവർ ഉടൻ ഒഴിഞ്ഞുപോവണമെന്ന് എമർജൻസി സർവീസ് കമ്മീഷണർ ഡാരൻ ക്ലെം കർശന നിർദ്ദേശം നൽകി. എക്‌സ്‌മൗത്ത് ഉൾപ്പെടെയുള്ള നഗരങ്ങളിൽ റോഡുകളും വിപണികളും അടച്ചുപൂട്ടി. സൂപ്പർ മാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.
ലോക പൈതൃക പട്ടികയിലുള്ള നിംഗാലു തീരത്തെ പവിഴപ്പുറ്റുകൾക്കും കടൽ പരിസ്ഥിതിക്കും നരേല്ല കനത്ത ആഘാതമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. പരിസ്ഥിതിയെയും ടൂറിസത്തെയും ആശ്രയിച്ചു കഴിയുന്ന ഈ മേഖലയിൽ കാറ്റ് കനത്ത മുറിപ്പാടുകൾ അവശേഷിപ്പിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രോപരിതലത്തിലെ അമിതമായ ചൂടാണ് കാറ്റ് ഇത്രയധികം ശക്തിപ്പെടാൻ കാരണമെന്നാണ് വിലയിരുത്തൽ.
വെള്ളിയാഴ്ച രാത്രിയോടെ ഷാർക്ക് ബേ തീരത്ത് കരതൊടുന്നതോടെ കാറ്റിന്റെ വേഗത കുറയുമെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ പെർത്തിൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 6000 കിലോമീറ്ററിലധികം സഞ്ചരിച്ച ശേഷം നരേല്ല തെക്കൻ തീരത്തേക്ക് നീങ്ങുമെന്നാണ് നിഗമനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.