വിശുദ്ധ വാരത്തിന് മുൻപേ ‘കാൽവരി’യായി ലബനൻ; പ്രാർത്ഥനയൊഴിയാതെ വിശ്വാസികൾ

വിശുദ്ധ വാരത്തിന് മുൻപേ ‘കാൽവരി’യായി ലബനൻ; പ്രാർത്ഥനയൊഴിയാതെ വിശ്വാസികൾ

ബെയ്‌റൂട്ട്: ഇസ്രയേൽ-ഹിസ്ബുള്ള പോരാട്ടം കൊടുമ്പിരിക്കൊള്ളുന്ന തെക്കൻ ലബനനിൽ നിന്ന് കണ്ണീർക്കാഴ്ചകൾ. വിശുദ്ധ വാരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സമാധാനത്തിന്റെ മണ്ണിൽ മരണത്തിന്റെ നിഴൽ വീണിരിക്കുകയാണ്. പത്തു ലക്ഷത്തിലധികം പേർ പലായനം ചെയ്തപ്പോഴും, വിട്ടുപോകാത്ത വിശ്വാസവുമായി ഒരു കൂട്ടം ക്രൈസ്തവർ അവിടെ തുടരുന്നു.

ഇസ്രയേൽ അതിർത്തിയോട് ചേർന്നുള്ള ക്രൈസ്തവ ഗ്രാമമായ റുമൈഷിലെ വികാരി ഫാ. ടോണി ഏലിയാസിന്റെ വാക്കുകൾ ഒരു ജനതയുടെ അതിജീവനത്തിന്റെ പ്രഖ്യാപനമാണ്. "തെക്കൻ ലബനനിലെ ക്രൈസ്തവ ഗ്രാമങ്ങളിൽ ഞങ്ങൾ കുറച്ചുപേർ മാത്രമാണ് അവശേഷിക്കുന്നത്. ഞങ്ങൾ നിസഹായരാണ്. പച്ചയായ ശരീരം കൊണ്ടാണ് ഞങ്ങൾ ഈ ബോംബാക്രമണങ്ങളെ പ്രതിരോധിക്കുന്നത്.

ഇവിടെ നിന്ന് ഞങ്ങൾ പോകേണ്ടി വന്നാൽ തെക്കൻ ലബനൻ ഇല്ലാതാവും. ഞങ്ങളുടെ പൂർവികരുടെ കഠിനാധ്വാനം വൃഥാവിലാകാൻ ഞങ്ങൾ സമ്മതിക്കില്ല."- ഫാ. ടോണി പറഞ്ഞു. തെക്കൻ ലബനനിലെ 1470 ചതുരശ്ര കിലോമീറ്റർ പ്രദേശം (രാജ്യത്തിന്റെ 14 ശതമാനം) ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം കർശന നിർദേശം നൽകി.പരിക്കേറ്റ ഇടവകാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനിടെ നടന്ന രണ്ടാമത്തെ ബോംബാക്രമണത്തിൽ ഫാ. പിയർ അൽ റാഹി കൊല്ലപ്പെട്ടു.

ആയിരത്തോളം പേർ ഇതിനോടകം കൊല്ലപ്പെട്ടതിൽ നൂറിലധികം കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. ലിറ്റാനി നദിക്ക് കുറുകെയുള്ള പാലങ്ങൾ തകർത്തതോടെ തെക്കൻ ലബനൻ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് പൂർണമായും ഒറ്റപ്പെട്ടു. ഭവന രഹിതരായ 13 ലക്ഷത്തോളം ജനങ്ങളോടോ കൊല്ലപ്പെട്ടവരോടോ കരുണയോ ദയയോ ഇല്ലാത്ത ലോകമാണിതെന്ന് മാറോനൈറ്റ് പാത്രിയാർക്കീസ് കർദിനാൾ ബെഷാറാ റായി വിലപിച്ചു. യുദ്ധം അവസാനിപ്പിക്കണമെന്ന് ലിയോ 14-ാമൻ മാർപാപ്പ ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടും ഇസ്രയേൽ പിന്മാറാൻ തയ്യാറായിട്ടില്ല.

ലിറ്റാനി നദിയെ പുതിയ അതിർത്തിയാക്കാനാണ് ഇസ്രായേൽ നീക്കമെന്ന് അവരുടെ ധനകാര്യമന്ത്രി ബെസാലേൽ സ്മോട്രിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിൽ തുടരുന്ന ലബനനിലെ മനുഷ്യർക്കായി പ്രാർത്ഥനാപൂർവ്വം ലോകം കാത്തിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.