റിയാദ്: യമനിലെ ഹൂതി വിമതരുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ ചെങ്കടല്‍ മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനും ഊര്‍ജ്ജ വിതരണ പാതകള്‍ക്കും സംരക്ഷണം നല്‍കുന്നതിനായി പുതിയ ബഹുരാഷ്ട്ര സമുദ്ര പ്രതിരോധ സഖ്യം രൂപീകരിക്കാന്‍ സൗദി അറേബ്യ. ഹൂതികളുടെ ആക്രമണം മൂലം ആഗോള വ്യാപാര പാതയിലുണ്ടായ തടസങ്ങള്‍ പരിഹരിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.
സഖ്യ രൂപീകരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ വിളിച്ചു ചേര്‍ത്ത അന്താരാഷ്ട്ര യോഗത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെ 43 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു. പുതിയ സഖ്യത്തിന്റെ സ്ഥാപക രാജ്യവും നേതൃസ്ഥാനവും സൗദി അറേബ്യ വഹിക്കും. സഖ്യത്തിന്റെ ആസ്ഥാനവും സൗദിയിലായിരിക്കും പ്രവര്‍ത്തിക്കുക.
ബാബ് അല്‍-മന്ദേബ് കടലിടുക്കും ഏദന്‍ ഉള്‍ക്കടലും ഉള്‍പ്പെടെയുള്ള നിര്‍ണായക സമുദ്രപാതകളുടെ സുരക്ഷ ഉറപ്പാക്കുക, സ്വതന്ത്ര കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കുക എന്നിവയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുര്‍ക്കി, പാകിസ്ഥാന്‍, ഈജിപ്ത്, സുഡാന്‍, ജിബൂട്ടി തുടങ്ങി 14 രാജ്യങ്ങള്‍ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവനയിറക്കി. എന്നാല്‍ ജിസിസി രാജ്യങ്ങളില്‍പ്പെട്ട ഒമാന്‍, യുഎഇ എന്നിവര്‍ നിലവില്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ച രാജ്യങ്ങളുടെ പട്ടികയിലില്ല.
ചെങ്കടലില്‍ സൗദി അറേബ്യയ്ക്ക് നേരെ കടല്‍മാര്‍ഗമുള്ള ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജൂലൈ 20 ന് ഹൂതികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ നടന്നു. ഇതിന് മറുപടിയായി യമനിലെ ഹൊദൈദയിലുള്ള ഹൂതി സൈനിക താവളങ്ങള്‍ക്ക് നേരെ സൗദി വ്യോമാക്രമണം നടത്തിയിരുന്നു.
എണ്ണ വിതരണത്തിന് ഏറെ നിര്‍ണായകമായ ബാബ് അല്‍-മന്ദേബ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധനവിനും കാരണമായിട്ടുണ്ട്. 2024 ല്‍ യൂറോപ്യന്‍ യൂണിയനും ചെങ്കടലില്‍ കപ്പല്‍ ഗതാഗതം സംരക്ഷിക്കാന്‍ പ്രത്യേക നാവിക ദൗത്യം ആരംഭിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.