വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനവും ചൈനീസ് ഭരണകൂടവും തമ്മിലുള്ള താല്‍ക്കാലിക കരാറിന്റെ അടിസ്ഥാനത്തിൽ ചൈനയിൽ ഒരു ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ബിഷപ്പിന്റെ സ്ഥാനാരോഹണം നടന്നു. ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ മേഖലയിലെ ബാംമെങ് രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ഫ്രാന്‍സിസ് സേവ്യര്‍ ദുവാന്‍ യോങ്കുന്‍ (45) അഭിഷിക്തനായി.
ജൂണ്‍ 15-നാണ് ലിയോ പതിനാലാമൻ മാർപാപ്പ ദുവാന്‍ യോങ്കുനിന്റെ നിയമനം അംഗീകരിച്ചത്. ഒരാഴ്ച മുമ്പ് ചിഫെങ് രൂപതയുടെ പുതിയ ബിഷപ്പായി ജോസഫ് ചാങ് യാന്‍ഫെങ്ങിന്റെ സ്ഥാനാരോഹണവും പാപ്പയുടെ അനുമതിയോടെ നടന്നിരുന്നു.
1980 ഡിസംബര്‍ ആറിനാണ് ഇന്നര്‍ മംഗോളിയയിലെ ഹാംഗ്ജിന്‍ ഹൗഖിയിൽ ദുവാന്‍ യോങ്കുന്‍ ജനിച്ചത്. 2000 മുതല്‍ 2007 വരെ ഹെബെയ് തിയോളജിക്കല്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, പീക്കിംഗ് സര്‍വകലാശാലയിലും ബീജിംഗ് ഫോറിന്‍ സ്റ്റഡീസ് സര്‍വകലാശാലയിലുമായി ഉപരിപഠനം നടത്തി.
2011 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ച അദേഹം 2013-2016 കാലയളവില്‍ തായ്വാനിലെ ഫു ജെന്‍ കാത്തലിക് യൂണിവേഴ്സിറ്റിയിലും പഠനം തുടർന്നു. രൂപതയിൽ തിരിച്ചെത്തിയ ശേഷം ട്രെയിനിംഗ് സെന്റര്‍ ഡയറക്ടറായും രൂപതയുടെ വികാരി ജനറലായും കത്തീഡ്രല്‍ വികാരിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
2018-ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പുവച്ച ചരിത്രപരമായ താല്‍ക്കാലിക കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങളെല്ലാം നടന്നിരിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ പുതുക്കിവരുന്ന ഈ കരാര്‍2 024-ല്‍ 2028 വരെയുള്ള നാല് വര്‍ഷത്തേക്ക് നീട്ടിയിരുന്നു.
ചൈനീസ് വിശ്വാസികളുടെ മാര്‍പാപ്പയുമായുള്ള ആത്മീയ കൂട്ടായ്മ ഉറപ്പുവരുത്തിക്കൊണ്ട് ചൈനയുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് വത്തിക്കാന്‍ ഈ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.