ട്രംപ് ഭരണകൂടം വിസാ നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു; പഠനശേഷം അമേരിക്ക വിടേണ്ടി വരും: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടി

 ട്രംപ് ഭരണകൂടം വിസാ നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു; പഠനശേഷം അമേരിക്ക വിടേണ്ടി വരും: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: അമേരിക്കയില്‍ പഠനവും തുടര്‍ന്ന് ജോലിയും ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് കനത്ത തിരിച്ചടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നീക്കം. പഠനത്തിനുശേഷം യുഎസില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശ ബിരുദധാരികള്‍ക്ക് 100,000 യുഎസ് ഡോളര്‍ (95,34,260 രൂപ) ഫീസ് ചുമത്താനുള്ള നിര്‍ദ്ദേശം ട്രംപ് പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് എത്ര കാലം രാജ്യത്ത് തുടരാം എന്നതിന് പരിധി നിശ്ചയിച്ചുകൊണ്ട് വിദ്യാര്‍ത്ഥി വിസ നിയമങ്ങള്‍ ട്രംപ് സര്‍ക്കാര്‍ കര്‍ശനമാക്കുകയും ചെയ്യുന്നു. പഠനശേഷം യുഎസില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവര്‍ അടയ്‌ക്കേണ്ട ഫീസ് ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒപിടി) എന്ന പദ്ധതിയിലേക്കാണ് പോകുന്നത്. വിദ്യാര്‍ത്ഥി പഠിക്കുന്ന കോളേജിനും അമേരിക്കയിലെ ആദ്യ ജോലിക്കുമിടയിലെ പാലമായി ഇത് കണക്കാക്കാം.

നിലവില്‍ എഫ് 1 വിസയില്‍ അമേരിക്കയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം നിശ്ചിത മേഖലയില്‍ ഒരുവര്‍ഷം വരെ ജോലി ചെയ്യാന്‍ അവസരമുണ്ട്. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് കോഴ്സുകള്‍ ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ അമേരിക്കയില്‍ തുടര്‍ന്ന് ജോലി ചെയ്യാം.

ഇത് ബിരുദധാരികള്‍ക്ക് തൊഴില്‍ പരിചയം നേടാനും കരിയര്‍ കെട്ടിപ്പടുക്കാനും എച്ച് 1 ബി വര്‍ക്ക് വിസയിലേയ്ക്ക് മാറാനും സഹായകരമാവുന്നു. ഇതിന്മേലാണ് കനത്ത തുക ഫീസ് ചുമത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനമായില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഒരുലക്ഷം ഡോളര്‍ ഫീസ് കമ്പനികളാണ് ചുമത്തേണ്ടി വരികയെങ്കില്‍ പലരും വിദേശികളെ തഴയുകയും അമേരിക്കന്‍ പൗരന്മാര്‍ക്കു തന്നെ ജോലി നല്‍കുകയും ചെയ്യുമെന്നതാണ് ആശങ്ക. വിദ്യാര്‍ത്ഥികളാണ് ഫീസ് അടയ്‌ക്കേണ്ടതെങ്കില്‍ പലര്‍ക്കും ഇത് താങ്ങാനാവുന്നതിലും അധികമായിരിക്കും.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എത്ര കാലം രാജ്യത്ത് തുടരാം എന്നതില്‍ മാറ്റം വരുത്തുന്ന നിയമത്തിനും അമേരിക്കന്‍ സര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരിക്കുകയാണ്. പതിറ്റാണ്ടുകളായി 'സ്റ്റാറ്റസ് കാലയളവ്' എന്ന സംവിധാനത്തിന് കീഴിലാണ് വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ പ്രവേശിച്ചിരുന്നത്.

ഒരു മുഴുവന്‍സമയ വിദ്യാര്‍ത്ഥിയായി തുടരുകയും വിസ നിയമങ്ങള്‍ പാലിക്കുകയും ചെയ്യുന്നിടത്തോളം കാലം വിദേശ വിദ്യാര്‍ത്ഥിക്ക് ഈ സംവിധാന പ്രകാരം അമേരിക്കയില്‍ തുടരാമായിരുന്നു. താമസത്തിന് നിശ്ചിത അവസാന തീയതി ഉണ്ടായിരുന്നില്ല. ഈ സംവിധാനത്തിനാണ് പുതിയ നിയമത്തോടെ അവസാനമാകുന്നത്.

പുതിയ നിയന്ത്രണത്തിന് കീഴില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷം വരെയായിരിക്കും അമേരിക്കയില്‍ തുടരാന്‍ അനുമതി ലഭിക്കുക. പഠനത്തിന് കൂടുതല്‍ സമയം ആവശ്യമായി വരികയാണെങ്കില്‍ സ്വയമേവ രാജ്യത്ത് തുടരാന്‍ അനുവാദമില്ല. ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പില്‍ ഇതിനായി അപേക്ഷ നല്‍കണം. യുഎസില്‍ ജോലി ചെയ്യുന്ന നിരവധി എക്‌സ്‌ചേഞ്ച് സന്ദര്‍ശകര്‍ക്കും വിദേശ പത്രപ്രവര്‍ത്തകര്‍ക്കും ഇതേ നിയമം ബാധകമാകും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.