മുത്തങ്ങ തട്ടിക്കൊണ്ടുപോകല്‍ കേസ്; ആദിവാസി നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

മുത്തങ്ങ തട്ടിക്കൊണ്ടുപോകല്‍ കേസ്; ആദിവാസി നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക്  അഞ്ച് വര്‍ഷം കഠിന തടവ്

കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനായ അബ്ദുല്‍ സലാം, ശശിധരന്‍ എന്നിവരെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും വധിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്ത കേസില്‍ ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസത്തെ അധികതടവ് കൂടി അനുഭവിക്കണം.

ഗീതാനന്ദന്‍, രമേശന്‍ കൊയ്യാലിപ്പുര, ബിനു, അനില്‍കുമാര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. അബ്ദുല്‍ സലാം, ശശിധരന്‍ എന്നിവരെ തട്ടിക്കൊണ്ട് പോകല്‍, വധശ്രമം, ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റം ഉള്‍പ്പെടെ തെളിയിക്കപ്പെട്ടു. കേസിലെ ഒന്ന്, മൂന്ന്, അഞ്ച്, പതിനൊന്ന് പ്രതികള്‍ക്കെതിരേ 16 കുറ്റങ്ങളിലായി 19 വര്‍ഷം കഠിനതടവും ഏഴ് മാസം തടവും പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന കാരണത്താല്‍അഞ്ച് വര്‍ഷത്തെ ശിക്ഷ മാത്രം അനുഭവിച്ചാല്‍ മതിയാകും.

അതേസമയം, പോലീസുകാരനായ വിനോദ് കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതോടെ ഈ കേസില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. മരിച്ച വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും പരിക്കേറ്റ അബ്ദുള്‍ സലാമിന് മൂന്ന് ലക്ഷം രൂപയും പരിക്കേറ്റ ശശിധരന് രണ്ട് ലക്ഷം രൂപയും നല്‍കാനും കോടതി ശുപാര്‍ശ ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.