ഇസ്രയേലില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയിലെ യു.എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

ഇസ്രയേലില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയിലെ യു.എസ് സര്‍വകലാശാലകള്‍ ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി

സംഘര്‍ഷം ചെങ്കടലിലേക്കും വ്യാപിക്കുമോ എന്ന് ആശങ്ക

ടെല്‍ അവീവ്: ഒരു മാസമായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പങ്കുചേര്‍ന്ന് യമനിലെ ഹൂതികള്‍. ശനിയാഴ്ച ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചാണ് ഇറാനെ പിന്തുണയ്ക്കുന്ന ഹൂതികള്‍ സംഘര്‍ഷത്തില്‍ കക്ഷിചേര്‍ന്നത്. ഹൂതികളുടെ ഒരു മിസൈല്‍ ഇസ്രയേല്‍ നിര്‍വീര്യമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുന്നത്. ഇതോടെ ചെങ്കടലിലേക്കും യുദ്ധം വ്യാപിക്കുമോ എന്ന ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ഇറാന് നേരേയും അവരുടെ സഖ്യകക്ഷികളായ സായുധ സംഘങ്ങള്‍ക്ക് നേരേയുമുള്ള ആക്രമണങ്ങള്‍ അവസാനിക്കും വരെ ഇസ്രയേലിനെതിരെ ആക്രമണം തുടരുമെന്നാണ് ഹൂതികള്‍ വ്യക്തമാക്കുന്നത്. ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ള നേരത്തേ യുദ്ധത്തില്‍ കക്ഷി ചേര്‍ന്നിരുന്നു.

അതേസമയം പശ്ചിമേഷ്യയിലെ യു.എസ് സര്‍വകലാശാലകള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ റവലൂഷനറി ഗാര്‍ഡി(ഐ.ആര്‍.ജി.സി)ന്റെ മുന്നറിയിപ്പ്. യു.എസ്-ഇസ്രയേല്‍ സഖ്യം ഇറാനിലെ സര്‍വകലാശാലകള്‍ ആക്രമിച്ചതിന് പ്രതികാര നടപടിയയാണ് ഇറാന്റെ ഭീഷണി. യു.എസ്-ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനിലെ രണ്ട് സര്‍വകലാശാലകള്‍ക്ക് വലിയ നാശനഷ്ടം നേരിട്ടിരുന്നു. പിന്നാലെയാണ് മേഖലയിലെ യു.എസ് സര്‍വകലാശാലകളും ആക്രമിക്കുമെന്ന് ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കിയത്. മേഖലയിലെ യു.എസ് സര്‍വകലാശാലകളെ ആക്രമിക്കാതിരിക്കണമെങ്കില്‍ തിങ്കളാഴ്ച ടെഹ്‌റാന്‍ സമയം ഉച്ചക്ക് 12 ന് മുമ്പായി ഇറാനിലെ സര്‍വകലാശാലകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ യു.എസ് ഭരണകൂടം അപലപിക്കണമെന്നാണ് സൈന്യത്തെ ഉദ്ധരിച്ച് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ മേഖലയിലെ അമേരിക്കന്‍ സര്‍വകലാശാലകളിലെ ജീവനക്കാരോടും വിദ്യാര്‍ഥികളോടും അധ്യാപകരോടും കാമ്പസിന്റെ ഒരു കിലോമീറ്റര്‍ ദൂരത്തേക്ക് മാറി താമസിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖത്തറിലെ ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി, യു.എ.ഇയിലെ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങി നിരവധി അമേരിക്കന്‍ സര്‍വകലാശാലകള്‍ക്ക് ഗള്‍ഫ് മേഖലയില്‍ കാമ്പസുകള്‍ ഉണ്ട്.

ഇറാനില്‍ യു.എസ് കര യുദ്ധത്തിന് ഇറങ്ങിയേക്കും എന്ന അഭ്യൂഹം ശക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ ഹൂതികളെ ഉപയോഗിച്ച് ചെങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസപ്പെടുത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. 2023 ല്‍ ഗാസയില്‍ ഇസ്രയേലും ഹമാസും യുദ്ധം തുടങ്ങിയപ്പോള്‍ പാലസ്തീന്‍കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂതികള്‍ ചെങ്കടലില്‍ ഇസ്രയേല്‍ കപ്പലുകളെ ആക്രമിച്ചിരുന്നു.

സംഘര്‍ഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ യുദ്ധം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ യുദ്ധ വിരാമത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനിടെയാണ് സംഘര്‍ഷം പുതിയ ദിശയിലേക്ക് നീങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.