മൊണാക്കോ: ലോകത്തിലെ അതിസമ്പന്നരുടെ പറുദീസയായ മൊണാക്കോയിൽ ചരിത്രം കുറിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ സന്ദർശനം. നീണ്ട 488 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു കത്തോലിക്കാ സഭാ തലവൻ ഈ കൊച്ചു രാജ്യത്ത് എത്തുന്നത്. ആഡംബരക്കടലായ മൊണാക്കോയിലെ ജനങ്ങളോട്, പണമല്ല മറിച്ച് കരുണയും നീതിയുമാണ് ലോകത്തെ നയിക്കേണ്ടതെന്ന് മാർപ്പാപ്പ ഓർമ്മിപ്പിച്ചു.
ശനിയാഴ്ച രാവിലെ മൊണാക്കോ ഹെലിപോർട്ടിലെത്തിയ മാർപ്പാപ്പയെ ആൽബർട്ട് രണ്ടാമൻ രാജകുമാരനും ചാർലീൻ രാജകുമാരിയും ചേർന്നാണ് സ്വീകരിച്ചത്. പള്ളികളിലെ മണിനാദങ്ങളും കാനൻ സല്യൂട്ടുകളും അകമ്പടി സേവിച്ച ചടങ്ങിൽ ആയിരക്കണക്കിന് വിശ്വാസികൾ പാപ്പയെ കാണാൻ തെരുവോരങ്ങളിൽ തടിച്ചുകൂടി.
"അധികാരത്തോടും സമ്പത്തിനോടുമുള്ള ആരാധന ലോകത്ത് യുദ്ധങ്ങൾക്കും വിനാശങ്ങൾക്കും കാരണമാകുന്നു. സമ്പന്നർ ദരിദ്രരെ മറക്കരുത്,"- പാലസ് ബാൽക്കണിയിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പാപ്പ പറഞ്ഞു. പണം സമ്പാദിക്കുന്നത് തെറ്റല്ലെന്നും എന്നാൽ അത് നീതിക്കും നിയമത്തിനും സമാധാനത്തിനും വേണ്ടി വിനിയോഗിക്കപ്പെടുമ്പോഴാണ് അർത്ഥവത്താകുന്നതെന്നും പാപ്പ ഓർമ്മിപ്പിച്ചു.
ഗർഭച്ഛിദ്രം നിയമവിരുദ്ധമായ അപൂർവ്വം യൂറോപ്യൻ രാജ്യങ്ങളിലൊന്നായ മൊണാക്കോയിൽ, ജീവന്റെ സംരക്ഷണത്തിനായി രാജ്യം കാണിക്കുന്ന നിശ്ചയദാർഢ്യത്തെ പാപ്പ അഭിനന്ദിച്ചു. ലൂയിസ് രണ്ടാമൻ സ്റ്റേഡിയത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ലോകസമാധാനത്തിന് വേണ്ടി ചെറിയ രാജ്യങ്ങൾക്ക് പോലും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി സ്ഥാനമേറ്റ ശേഷം ലിയോ പതിനാലാമൻ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വിദേശ സന്ദർശനങ്ങളിൽ ഒന്നാണിത്. 1538 ൽ പോൾ മൂന്നാമൻ മാർപ്പാപ്പ സന്ദർശിച്ചതിന് ശേഷം ആദ്യമായാണ് ഒരു മാർപാപ്പ മൊണാക്കോയിലെത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.