പ്യോങ്യാങ്: രാജ്യത്തിന്റെ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിശക്തമായ മിസൈല്‍ എന്‍ജിന്‍ വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ.
അമേരിക്കയെ ലക്ഷ്യം വയ്ക്കാന്‍ ശേഷിയുള്ളതാണ് സോളിഡ്-ഫ്യുവല്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ മിസൈല്‍. ഉത്തര കൊറിയയുടെ പരമാധികാരിയായ കിം ജോങ്് ഉന്നിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം.
അമേരിക്ക ആഗോള തലത്തില്‍ ഭീകരവാദവും അധിനിവേശവും നടത്തുകയാണെന്ന് പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കിം കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം.
അമേരിക്കയെ നേരിട്ട് ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ ആധുനികവല്‍ക്കരിക്കാനുള്ള കിമ്മിന്റെ നീക്കമായാണ് പ്രതിരോധ വിദഗ്ധര്‍ ഈ മിസൈല്‍ പരീക്ഷണത്തെ വിലയിരുത്തുന്നത്. പുതുതായി വികസിപ്പിച്ച കാര്‍ബണ്‍ ഫൈബര്‍ മെറ്റീരിയല്‍ ഉപയോഗിച്ചുള്ള എന്‍ജിന്റെ ഗ്രൗണ്ട് ജെറ്റ് പരീക്ഷണമാണ് നടന്നതെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒരൊറ്റ മിസൈലിലൂടെ ഒന്നിലധികം യുദ്ധമുനകള്‍ ഘടിപ്പിക്കാനും അതുവഴി അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാനുമാണ് എന്‍ജിന്‍ കരുത്ത് വര്‍ധിപ്പിക്കുന്നതിലൂടെ ഉത്തര കൊറിയ ലക്ഷ്യമിടുന്നത്. ഉത്തര കൊറിയയുടെ പഴയ ലിക്വിഡ് ഫ്യുവല്‍ മിസൈലുകളെ അപേക്ഷിച്ച് ഖര ഇന്ധനം ഉപയോഗിക്കുന്ന മിസൈലുകള്‍ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്.
വിക്ഷേപണത്തിന് തൊട്ടുമുമ്പ് ഇന്ധനം നിറയ്ക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ പെട്ടെന്ന് വിക്ഷേപിക്കാന്‍ കഴിയും. വിക്ഷേപണത്തിന് മുന്‍പ് തന്നെ ശത്രു രാജ്യങ്ങളുടെ റഡാറുകളില്‍ പെടുന്നത് ഒഴിവാകും. അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോള്‍ യുദ്ധമുനകള്‍ നശിച്ചു പോകാതിരിക്കാനുള്ള സാങ്കേതിക വിദ്യയും ഉത്തരകൊറിയ വികസിപ്പിച്ചെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.