ഹൈദരാബാദ്: മാതാപിതാക്കാള്‍ക്കളുടെ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന ബില്ലിന് തെലങ്കാന സര്‍ക്കാര്‍ അനുമതി നല്‍കി.
അവഗണിക്കപ്പെടുന്ന മാതാപിതാക്കള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള തെലങ്കാന എംപ്ലോയീസ് അക്കൗണ്ടബിലിറ്റി ആന്‍ഡ് മോണിറ്ററിങ് ഓഫ് പാരന്റല്‍ സപ്പോര്‍ട്ട് ബില്ലാണ് തെലങ്കാന നിയമസഭ പാസാക്കിയത്. ബില്ലിന്റെ പരിധിയില്‍ എംഎല്‍എമാരും എംപിമാരും തദ്ദേശ സ്ഥാപന പ്രതിനിധികളും ഉള്‍പ്പെടും.
ആശ്രിതരായ മാതാപിതാക്കള്‍ക്ക് ചെലവിന് നല്‍കിയില്ലെങ്കില്‍ ശമ്പളത്തിന്റെ 15 ശതമാനം അല്ലെങ്കില്‍ 10,000 രൂപ, ഏതാണോ കുറവ് അത് പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. മക്കളുടെ സംരക്ഷണം ലഭിക്കാത്തവര്‍ക്ക് ജില്ലാ കളക്ടര്‍ മുമ്പാകെ പരാതിപ്പെടാം.
ഈടാക്കുന്ന തുക രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കും. രക്ഷിതാക്കളെ അവഗണിക്കുന്ന കേസുകള്‍ കുറയ്ക്കുക, പ്രായമായ പൗരന്മാരുടെ അന്തസ് പുനസ്ഥാപിക്കുക എന്നിവ ലക്ഷ്യം വച്ചാണ് പുതിയ നിയമമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആണ്‍മക്കളും പെണ്‍മക്കളും മാതാപിതാക്കളോട് തുല്യ ഉത്തരവാദിത്തം പങ്കിടണമെന്ന് അദേഹം വ്യക്തമാക്കി.
മതാപിതാക്കള്‍ പരാതിയുമായി കളക്ടറെ സമീപിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കണം. ഈ സമയത്തിനുള്ളില്‍ മക്കളുടെയും രക്ഷിതാക്കളുടെയും പരാതി കേള്‍ക്കണം. വാദം കേട്ടതിന് ശേഷം ശമ്പളത്തില്‍ നിന്ന് വെട്ടിക്കുറയ്ക്കേണ്ട തുക എത്രയാണെന്ന് വ്യക്തമാക്കി ഉത്തരവിറക്കണം. ജന്മം നല്‍കിയ മതാപിതാക്കളെ കൂടാതെ രണ്ടാനമ്മയ്ക്കും രണ്ടാനച്ഛനും ബില്ലിന്റെ പരിരക്ഷ ലഭിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.