'ബ്ലാക്ക് ബോക്‌സ് വിവരങ്ങളും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഉടന്‍ പരസ്യപ്പെടുത്തണം'; ആവശ്യവുമായി അഹമ്മദാബാദ് വിമാനദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങള്‍

'ബ്ലാക്ക് ബോക്‌സ് വിവരങ്ങളും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഉടന്‍ പരസ്യപ്പെടുത്തണം'; ആവശ്യവുമായി അഹമ്മദാബാദ് വിമാനദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങള്‍

ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ഇരകളുടെ കുടുംബങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിവരങ്ങളും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറും ഉടന്‍ പരസ്യപ്പെടുത്തണമെന്നാണ് ആവശ്യം.

അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകുന്നത് നീതി നിഷേധമാണെന്ന് കുടുംബങ്ങള്‍ ആരോപിച്ചു. നിലവില്‍ അപകടകാരണത്തെക്കുറിച്ച് വ്യക്തതയില്ലാത്തത് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഉള്‍പ്പെടെയുള്ള നടപടികളെയും ബാധിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും അന്വേഷണത്തില്‍ പൂര്‍ണ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കുടുംബങ്ങള്‍ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. ഇതിലൂടെ അപകടത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.

2025 ജൂണ്‍ 12 നാണ് വിമാനം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയില്‍ തകര്‍ന്നുവീണത്. പറന്നുയര്‍ന്ന ഉടന്‍ കത്തിയമരുകയായിരുന്നു. യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

തകര്‍ന്ന് വീണ എയര്‍ ഇന്ത്യ 787 ഡ്രീംലൈനര്‍ വിമാനത്തിന് ഗുരുതര സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നതായി യു.എസ് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ ഏവിയേഷന്‍ സേഫ്റ്റി (എഫ്ഒഎസ്)യുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. വിമാനം സര്‍വീസില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ തകരാറുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.