'ഇന്ത്യയില്‍ നിന്ന് സൈനിക നീക്കം ഉണ്ടായാല്‍ കൊല്‍ക്കത്ത ലക്ഷ്യമിട്ട് ആക്രമിക്കും': ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

'ഇന്ത്യയില്‍ നിന്ന് സൈനിക നീക്കം ഉണ്ടായാല്‍ കൊല്‍ക്കത്ത ലക്ഷ്യമിട്ട് ആക്രമിക്കും': ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കം ഉണ്ടായാല്‍ കൊല്‍ക്കത്ത നഗരത്തെ ലക്ഷ്യമിട്ട് തിരിച്ചടിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിയാല്‍കോട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഖ്വാജ ആസിഫ്.

ഇന്ത്യ ഒരു 'ഫോള്‍സ് ഫ്‌ളാഗ്' ഓപ്പറേഷന് മുതിര്‍ന്നാല്‍ തിരിച്ചടി കൊല്‍ക്കത്ത വരെ എത്തിക്കുമെന്നായിരുന്നു ആസിഫിന്റെ ഭീഷണി. ഇന്ത്യ സ്വന്തം ഏജന്റുമാരെയോ പാകിസ്ഥാന്‍ തടവുകാരെയോ ഉപയോഗിച്ച് അതിക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയും അതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയുമാണെന്ന് പാക് മന്ത്രി ആരോപിച്ചു. എന്നാല്‍ ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളൊന്നും പുറത്ത് വിട്ടിട്ടുമില്ല.

പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു അവിവേകത്തിനും അഭൂതപൂര്‍വവും നിര്‍ണായകവുമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് പാകിസ്ഥാന്റെ ഭീഷണി. കഴിഞ്ഞ വര്‍ഷം പഹല്‍ഗാമില്‍ പാക് പിന്തുണയുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 26 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.

പാക് ഭീകരവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട് ഇന്ത്യ ആരംഭിച്ച 'ഓപ്പറേഷന്‍ സിന്ദൂര്‍' നിലവില്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും എന്നാല്‍ അത് അവസാനിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരരും പാക് സൈനിക നേതൃത്വവും തമ്മില്‍ ഇന്ത്യ വ്യത്യാസമൊന്നും കാണുന്നില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.

നേരത്തെ പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിന് അമേരിക്കയില്‍ നിന്ന് ഭീഷണി നേരിട്ടാല്‍ ഇന്ത്യയിലെ മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളെ ലക്ഷ്യമിടണമെന്ന് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് ഭീഷണി മുഴക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.