യുദ്ധങ്ങൾക്കിടയിലും പ്രത്യാശ കൈവിടരുത്; മാനവരാശിക്ക് ഉയിർപ്പിന്റെ സന്ദേശമേകി ലിയോ മാർപാപ്പ

യുദ്ധങ്ങൾക്കിടയിലും പ്രത്യാശ കൈവിടരുത്; മാനവരാശിക്ക് ഉയിർപ്പിന്റെ സന്ദേശമേകി ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: ലോകത്ത് പടരുന്ന വിദ്വേഷത്തിന്റെയും ഭയത്തിന്റെയും അന്ധകാരത്തെ ക്രിസ്തുവിന്റെ ഉയിർപ്പിന്റെ പ്രകാശം കൊണ്ട് കീഴടക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ വിജിൽ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു പാപ്പ.

യുദ്ധങ്ങളും അനീതികളും ലോകത്ത് നിരാശ പടർത്തുമ്പോഴും പ്രത്യാശ കൈവിടരുതെന്ന് പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു. "മനുഷ്യ ഹൃദയങ്ങളെ തടവിലാക്കുന്ന പാപത്തിന്റെയും സ്വാർത്ഥതയുടെയും കല്ലുകൾ ഉരുട്ടിമാറ്റാൻ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന് സാധിക്കും. നിരാശയുടെ നിമിഷങ്ങളിലും ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം നമുക്ക് കരുത്തു പകരും. വിദ്വേഷം എന്നത് ശക്തമായ ഒരു പാപമാണ്. എന്നാൽ അതിനേക്കാൾ കരുത്തുള്ളതാണ് ദൈവത്തിന്റെ സ്നേഹം"- പാപ്പ ഉദ്ബോധിപ്പിച്ചു.

ബസിലിക്കയുടെ കവാടത്തിൽ ഈസ്റ്റർ ദീപം തെളിച്ചുകൊണ്ടാണ് ശുശ്രൂഷകൾ ആരംഭിച്ചത്. ദേവാലയത്തിലെ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് വിശ്വാസികൾ കൈകളിലേന്തിയ മെഴുകുതിരികളിൽ നിന്ന് പ്രകാശം പടർന്നത് ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ പ്രതീകമായി മാറി. രക്ഷാകര ചരിത്രത്തിലെ വിവിധ ഘട്ടങ്ങൾ അനുസ്മരിച്ചുകൊണ്ടുള്ള വചനശുശ്രൂഷയും ചടങ്ങിന്റെ ഭാഗമായി നടന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് പുണ്യകർമ്മങ്ങളിൽ പങ്കുചേരാൻ വത്തിക്കാനിൽ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.