'ഇറാന്‍ ഇന്ന് രാത്രിയോടെ അവസാനിക്കും'; അതിശക്തമായ മുന്നറിയിപ്പുമായി ട്രംപ്: റെയില്‍വേ പാലങ്ങളും ഗതാഗത സംവിധാനങ്ങളും തകര്‍ത്ത് ഇസ്രയേലിന്റെ മിസൈല്‍ വര്‍ഷം

'ഇറാന്‍ ഇന്ന് രാത്രിയോടെ അവസാനിക്കും'; അതിശക്തമായ മുന്നറിയിപ്പുമായി ട്രംപ്: റെയില്‍വേ പാലങ്ങളും ഗതാഗത സംവിധാനങ്ങളും തകര്‍ത്ത് ഇസ്രയേലിന്റെ മിസൈല്‍ വര്‍ഷം

വാഷിങ്ടണ്‍: ഇറാന്‍ ഇന്ന് രാത്രിയോടെ അവസാനിക്കുമെന്ന അതിശക്തമായ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വലിയ നാഗരികത ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഇല്ലാതാകുമെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യലില്‍' പങ്കുവെച്ച കുറിപ്പില്‍ ട്രംപ് വ്യക്തമാക്കി.

ഇത് സംഭവിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും മിക്കവാറും നടക്കുമെന്ന് അദേഹം പറഞ്ഞു. ലോകത്തിന്റെ ദീര്‍ഘവും സങ്കീര്‍ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണിതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

'ഒരിക്കലും തിരിച്ചുവരാന്‍ കഴിയാത്ത വിധം ഇറാന്‍ ഇന്ന് രാത്രി നശിക്കും. അങ്ങനെ സംഭവിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഒരുപക്ഷേ അങ്ങനെ സംഭവിക്കാം. എന്നിരുന്നാലും ഇപ്പോള്‍ നമുക്ക് പൂര്‍ണവും സമ്പൂര്‍ണവുമായ ഭരണമാറ്റം നടന്നിരിക്കുന്നു. ഇതിലൂടെ വ്യത്യസ്തവും ബുദ്ധിശാലികളും അത്രയധികം തീവ്രവാദികളല്ലാത്തവരുമായ മനസുകള്‍ക്ക് പ്രാധാന്യം ലഭിച്ചാല്‍, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതം സംഭവിക്കാം.

ആര്‍ക്കറിയാം?.. ഇന്ന് രാത്രി നമുക്ക് അത് കണ്ടെത്താം. ലോകത്തിന്റെ നീണ്ടതും സങ്കീര്‍ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നാണിത്. 47 വര്‍ഷത്തെ ചൂഷണത്തിനും അഴിമതിക്കും മരണത്തിനും ഒടുവില്‍ അന്ത്യം കുറിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ട്രംപ് നടത്തിയ ഈ പുതിയ പ്രസ്താവന വലിയ അന്താരാഷ്ട്ര ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനില്‍ ഇന്ന് രാത്രി അമേരിക്ക കടുത്ത ആക്രമണങ്ങള്‍ നടത്തിയേക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നത്.

അതിനിടെ ഇറാനിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രയേല്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ പ്രധാന ഗതാഗത സംവിധാനങ്ങള്‍ തകര്‍ക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണ പരമ്പര ഉണ്ടായത്.

കാഷാനിലെ റെയില്‍വേ പാലം, മഷാദിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍, തബ്രിസ്-ടെഹ്റാന്‍ പാതയിലെ ഹൈവേ പാലം എന്നിവയുള്‍പ്പെടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് മിസൈലുകള്‍ പതിച്ചത്. കൂടാതെ, സഞ്ജാന്‍ പ്രവിശ്യയിലെ ഒരു റെയില്‍വേ പാലവും ഈ ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണത്തിന് തൊട്ടുമുമ്പായി ഇറാനിയന്‍ ജനതയ്ക്ക് ഇസ്രയേല്‍ സൈന്യം കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ട്രെയിനുകളിലും റെയില്‍വേ ട്രാക്കുകള്‍ക്ക് സമീപവും ഉള്ള സാന്നിധ്യം സാധാരണക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു.

ഈ മുന്നറിയിപ്പിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയില്‍വേ ശൃംഖലകളെയും പാലങ്ങളെയും ലക്ഷ്യമാക്കി വലിയ തോതിലുള്ള മിസൈല്‍ വര്‍ഷം ഉണ്ടായത്. തിരിച്ചടിക്കുള്ള ഒരുക്കത്തിലാണ് ഇറാന്‍ എന്ന സൂചനയും വരുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.