വാഷിങ്ടണ്‍: ഇറാനില്‍ രണ്ടാഴ്ചത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഭീഷണിക്കെതിരെ ലോക രാജ്യങ്ങളില്‍ നിന്നും യു.എന്നില്‍ നിന്നും യു.എസ് കോണ്‍ഗ്രസില്‍ നിന്നും വ്യാപക എതിര്‍പ്പുയര്‍ന്നതിന് പിന്നാലെയാണ് പിന്‍മാറ്റം.
ഇറാന് നേരെയുള്ള ബോംബ് ആക്രമണങ്ങളും മറ്റ് സൈനിക നടപടികളും താല്‍കാലികമായി നിര്‍ത്തിവെയ്ക്കും. ഹോര്‍മുസ് കടലിടുക്ക് ഉടനടി പൂര്‍ണമായും സുരക്ഷിതമായും തുറന്ന് കൊടുക്കാന്‍ ഇറാന്‍ തയ്യാറാകണം എന്ന നിബന്ധനയിലാണ് തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കില്‍ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ട്രംപിന്റെ സമയപരിധി അവസാനിക്കാന്‍ വെറും ഒരു മണിക്കൂര്‍ മാത്രം ഉള്ളപ്പോഴാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയങ്ങളില്‍ ഭൂരിഭാഗത്തിലും ധാരണയായെന്നും അദേഹം പറഞ്ഞു.
വെടിനിര്‍ത്തല്‍ അംഗീകരിച്ചതായി ഇറാനും അറിയിച്ചിട്ടുണ്ട്. ഹോര്‍മുസ് ഇറാന്‍ സൈന്യത്തിന്റെ സഹായത്തോടെ തുറക്കുമെന്ന് വിദേശ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ട്രംപ് പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിര്‍ത്തലില്‍ ഇസ്രയേലും പങ്കാളിയാണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ ഇസ്രയേലും തങ്ങളുടെ ബോംബാക്രമണങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ സമ്മതിച്ചതായി വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം ഇറാനെതിരായ അന്ത്യശാസനം നീട്ടണമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ആക്രമണത്തില്‍ നിന്ന് പിന്‍മാറുന്നതെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. അമേരിക്കയുടെ സൈനിക ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തികരിച്ചു. ഇറാനുമായുള്ള ദീര്‍ഘകാല സമാധാന കരാര്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പശ്ചിമേഷ്യയില്‍ യുദ്ധ ഭീതി നിലനില്‍ക്കെ ഉണ്ടായ ഈ നീക്കം ലോക രാജ്യങ്ങള്‍ക്ക് വലിയ ആശ്വാസമായിരിക്കകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.