ലാഹോർ: പാകിസ്ഥാനിൽ 13 വയസുകാരിയായ ക്രൈസ്തവ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധപൂർവ്വം മതംമാറ്റി വിവാഹം കഴിച്ച സംഭവത്തിൽ കോടതി വിധി ശരിവെച്ചതിനെതിരെ കത്തോലിക്കാ സഭാ നേതൃത്വം രംഗത്ത്. 13 വയസുകാരിയായ മരിയ ഷെഹ്‌ബാസിനെ 30 വയ സുകാരനായ ഷഹരിയാർ അഹമ്മദ് വിവാഹം കഴിച്ചത് നിയമപരമാണെന്ന ഫെഡറൽ ഭരണഘടനാ കോടതിയുടെ വിധി ഭയാനകമാണെന്ന് സഭാ നേതൃത്വം പ്രതികരിച്ചു.
ഈ സംഭവത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റികളെ നിയോഗിച്ചെങ്കിലും ഇവ വെറും പ്രഹസനമാണെന്ന് പാകിസ്ഥാൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് സാംസൺ ഷുക്കാർഡിൻ പറഞ്ഞു. ഇത്തരം സമിതികൾ റിപ്പോർട്ട് സമർപ്പിക്കുമ്പോഴേക്കും ജനങ്ങൾ വിഷയം മറന്നു പോകുമെന്നും വൈകിപ്പിക്കുക എന്നത് സർക്കാരിന്റെ തന്ത്രമാണെന്നും അദേഹം ആരോപിച്ചു. ഇത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പലപ്പോഴും പെൺകുട്ടികളിൽ നിന്ന് നിർബന്ധപൂർവ്വമാണ് സമ്മതം വാങ്ങുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
ന്യൂനപക്ഷ വിഭാഗങ്ങളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കുന്നത് പാകിസ്ഥാനിൽ പതിവാകുകയാണ്. 2021 നും 2025 നും ഇടയിൽ 515 നിർബന്ധിത മതംമാറ്റ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 69 ശതമാനവും ഹിന്ദു പെൺകുട്ടികളും 31 ശതമാനം ക്രൈസ്തവ പെൺകുട്ടികളുമാണ്. ഇരകളിൽ ഭൂരിഭാഗവും 18 വയസിൽ താഴെയുള്ളവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2025 ജൂലൈയിലാണ് മരിയ ഷെഹ്‌ബാസിനെ മുസ്ലിം യുവാവ് തട്ടിക്കൊണ്ടുപോയത്. മരിയയ്ക്ക് 13 വയസേയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകൾ കുടുംബം ഹാജരാക്കിയെങ്കിലും 'മുഹമ്മദൻ നിയമപ്രകാരം' വിവാഹം സാധുവാണെന്നായിരുന്നു കോടതിയുടെ വിധി. പാകിസ്ഥാനിലെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 ആണെന്നിരിക്കെയാണ് കോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നിലവിലുള്ള നിയമങ്ങളിലെ പഴുതുകൾ അടയ്ക്കണമെന്നും പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും സഭ ആവശ്യപ്പെട്ടു. ഈ നിയമപോരാട്ടത്തിൽ ലേകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളുടെ പിന്തുണ സഭ തേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.