ചരിത്രം കുറിച്ച് ആര്‍ട്ടമിസ് 2: ചാന്ദ്ര യാത്ര കഴിഞ്ഞ് ഒറിയോണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി; സ്പ്ലാഷ് ഡൗണ്‍ 5:37 ന് ശാന്ത സമുദ്രത്തില്‍

ചരിത്രം കുറിച്ച് ആര്‍ട്ടമിസ് 2: ചാന്ദ്ര യാത്ര കഴിഞ്ഞ് ഒറിയോണ്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തി; സ്പ്ലാഷ് ഡൗണ്‍ 5:37 ന് ശാന്ത സമുദ്രത്തില്‍

ന്യൂയോര്‍ക്ക്: ചരിത്രം കുറിച്ച ചാന്ദ്ര യാത്ര കഴിഞ്ഞ് ആര്‍ട്ടമിസ് 2 സംഘം ഭൂമിയിയില്‍ തിരിച്ചെത്തി. ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5:07 നാണ് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. 5:37 ന് സാന്റിയാഗോ തീരത്തോട് ചേര്‍ന്ന ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ മറുപുറം കണ്ട് തിരിച്ചെത്തിയത്.

ഭൂമിയില്‍ നിന്ന് കാണാന്‍ കഴിയാത്ത ചന്ദ്രന്റെ വശം കണ്ടാണ് ഒറിയോണ്‍ പേടകം ചന്ദ്രനെ ചുറ്റി വന്നത്. ചന്ദ്രന്റെ പിന്നിലേക്ക് പോയ പേടകവുമായി നാല്‍പ്പത് മിനിറ്റോളം ഭൂമിയില്‍ നിന്നുള്ള ബന്ധമില്ലായിരുന്നു. ഇതോടെ മറ്റൊരു ചരിത്രം കുറിക്കാന്‍ ദൗത്യസംഘത്തിനായി. ഭൂമിയില്‍ നിന്ന് എറ്റവും കൂടുതല്‍ ദൂരം അകലേക്ക് സഞ്ചരിച്ച മനുഷ്യരാണിപ്പോള്‍ ആര്‍ട്ടമിസ് 2 സംഘത്തിലെ നാല് പേര്‍. റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോക്ക്, ജെറമി ഹാന്‍സണ്‍ എന്നിവരാണ് ദൗത്യ സംഘത്തില്‍ ഉണ്ടായിരുന്നത്.

1972 ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആര്‍ട്ടമിസ് 2 അംഗങ്ങളെ വഹിച്ച ഒറിയോണ്‍ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവെച്ചുകൊണ്ടാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്.

2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്‍ട്ടമിസ് 1 വിജയമായിരുന്നു. അന്ന് ഒറിയോണ്‍ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങി വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.