'ഇതൊരു തുടക്കം മാത്രം, അടുത്ത ലക്ഷ്യം ചൊവ്വ'; ആര്‍ട്ടമിസ് 2 ദൗത്യ സംഘത്തെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

'ഇതൊരു തുടക്കം മാത്രം, അടുത്ത ലക്ഷ്യം ചൊവ്വ'; ആര്‍ട്ടമിസ് 2 ദൗത്യ സംഘത്തെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തിയ ബഹിരാകാശ സഞ്ചാരികളെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദൗത്യം അതിഗംഭീരമായിരുന്നു എന്നും അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയില്‍ ഈ നേട്ടത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും അദേഹം പറഞ്ഞു. സഞ്ചാരികളായ റീഡ് വൈസ്മാന്‍, വിക്ടര്‍ ഗ്ലോവര്‍, ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സണ്‍ എന്നിവരെ ഉടന്‍ തന്നെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ ഒറിയോണ്‍ പേടകം ശാന്തസമുദ്രത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദേഹം സന്ദേശം പങ്കുവെച്ചത്.

ചന്ദ്രനിലേക്കുള്ള ഈ മടക്കയാത്ര ഒരു തുടക്കം മാത്രമാണെന്നും അടുത്ത ലക്ഷ്യം ചൊവ്വയാണെന്നും അദേഹം പ്രഖ്യാപിച്ചു. ചരിത്രപരമായ ഈ യാത്ര പൂര്‍ത്തിയാക്കിയ സംഘത്തെ യുഎസ് നാവികസേന പസഫിക് സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് വൈദ്യപരിശോധനകള്‍ക്കായി മാറ്റിയിരിക്കുകയാണ്. ചന്ദ്രനില്‍ ഇറങ്ങിയില്ലെങ്കിലും, മനുഷ്യന്‍ ബഹിരാകാശത്ത് സഞ്ചരിച്ച ഏറ്റവും കൂടുതല്‍ ദൂരം (252,756 മൈല്‍) എന്ന റെക്കോര്‍ഡ് ഈ ദൗത്യം സ്വന്തമാക്കി.

ഏപ്രില്‍ ഒന്നിന് വിക്ഷേപിച്ച ദൗത്യം ചന്ദ്രനില്‍ സ്ഥിരമായ മനുഷ്യ താവളം ഒരുക്കുന്നതിന്റെ ആദ്യ ഘട്ടമാണ്. 2028 ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മനുഷ്യനെ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. യാത്രയ്ക്കിടയില്‍ ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ക്ക് പേര് നല്‍കാന്‍ സംഘം അനുമതി തേടിയതും ലോക ശ്രദ്ധ നേടിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.