അമ്പലപ്പുഴയില്‍ ഉറപ്പില്ല, കുട്ടനാട് കൈവിട്ടേക്കും; സിപിഎം പ്രാഥമിക വിലയിരുത്തലുകളില്‍ പലയിടത്തും ആശങ്ക

അമ്പലപ്പുഴയില്‍ ഉറപ്പില്ല, കുട്ടനാട് കൈവിട്ടേക്കും; സിപിഎം പ്രാഥമിക വിലയിരുത്തലുകളില്‍ പലയിടത്തും ആശങ്ക

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിവിധ ജില്ലകളില്‍ നിന്നുള്ള സിപിഎം മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുന്നതിനിടെ തിരുവനന്തപുരം ജില്ലയിലെ ചില സിറ്റിങ് സീറ്റുകളില്‍ വിജയ സാധ്യത കുറവാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിയെ ആശങ്കയിലാക്കിയിട്ടുണ്ട്. തലസ്ഥാന ജില്ലയില്‍ കഴിഞ്ഞ തവണത്തെ മിന്നും വിജയം (13/14) ഇത്തവണ ആവര്‍ത്തിക്കില്ലെന്നാണ് സിപിഎം വിലയിരുത്തല്‍.

അതേസമയം എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും കൊല്ലത്ത് ഒന്‍പത് സീറ്റുകള്‍ വരെ നേടാമെന്ന കണക്കുകളും പാര്‍ട്ടി നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അമ്പലപ്പുഴ ഉള്‍പ്പെടെയുള്ള ചില നിര്‍ണായക മണ്ഡലങ്ങളില്‍ ബിജെപി വോട്ടുകളുടെ പ്രവണത ഫലത്തെ നിര്‍ണയിക്കുമെന്നതാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

നെയ്യാറ്റിന്‍കര, അരുവിക്കര, കാട്ടാക്കട, നേമം എന്നിവിടങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞേക്കാം എന്നാണ് പാര്‍ട്ടിയുടെ ആശങ്ക. തിരുവനന്തപുരം, കോവളം എന്നീ മണ്ഡലങ്ങളില്‍ മത്സരിച്ച പൊതുസ്വതന്ത്രര്‍ക്ക് വിജയിക്കാനാവില്ലെന്നാണ് പാര്‍ട്ടിയുടെ നിഗമനം. ആറ്റിങ്ങല്‍, വര്‍ക്കല, പാറശാല. ഇവിടെ വിജയം ഉറപ്പാണെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു. വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് കടുത്ത മത്സരം നേരിട്ടെങ്കിലും വിജയിക്കുമെന്നാണ് കണക്കുകൂട്ടല്‍.
കുട്ടനാട് കൈവിട്ടേക്കും

ആലപ്പുഴയില്‍ ആകെയുള്ള ഒന്‍പത് സീറ്റുകളില്‍ ഏഴിടത്ത് വിജയിക്കാമെന്നാണ് കണക്കുകൂട്ടല്‍. അമ്പലപ്പുഴയില്‍ 4,000 വോട്ടിന് വിജയിക്കാനോ അല്ലെങ്കില്‍ 2,000 വോട്ടിന് പരാജയപ്പെടാനോ സാധ്യതയുണ്ടെന്നാണ് മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട്. ബിജെപി വോട്ടുകള്‍ ആര്‍ക്ക് ലഭിച്ചു എന്നതിലാണ് പാര്‍ട്ടിയുടെ ആശങ്ക. കുട്ടനാട് (ഘടകകക്ഷി സീറ്റ്), ഹരിപ്പാട് (രമേശ് ചെന്നിത്തലയുടെ മണ്ഡലം) എന്നിവ നഷ്ടപ്പെടാനാണ് സാധ്യതയെന്നും പാര്‍ട്ടി വിലയിരുത്തുന്നു. അതേസമയം ചെങ്ങന്നൂര്‍ (20,000+ ഭൂരിപക്ഷം), ചേര്‍ത്തല, മാവേലിക്കര എന്നിവിടങ്ങളില്‍ പാര്‍ട്ടി വിജയം ഉറപ്പിക്കുന്നുമുണ്ട്.

മലപ്പുറത്ത് മന്ത്രി വി. അബ്ദുറഹിമാന്‍ വീണേക്കും

ഇത്തവണ മലപ്പുറത്ത് കടുത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ പരാജയപ്പെട്ടേക്കാം എന്നാണ് വിലയിരുത്തല്‍. താനൂര്‍ മണ്ഡലത്തിലും ഇത്തവണ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. തവനൂരും പൊന്നാനിയും നിലനിര്‍ത്താമെന്നാണ് പ്രതീക്ഷ. എന്നാല്‍ പൊന്നാനിയില്‍ ഭൂരിപക്ഷം വലിയ തോതില്‍ കുറയാന്‍ സാധ്യതയുണ്ട്.

പീരുമേട് നഷ്ടമായേക്കാം

പീരുമേട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസിന് അനുകൂല തരംഗം സിപിഐ സ്ഥാനാര്‍ത്ഥിക്ക് വെല്ലുവിളിയാകും. അതേസമയം ഉടുമ്പഞ്ചോലയില്‍ കെ.കെ ജയചന്ദ്രന്‍ വലിയ ഭൂരിപക്ഷം നേടുമെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. ഇടുക്കിയിലും വിജയം ഉറപ്പാണെന്നും ദേവികുളത്ത് ഫലം പ്രവചനാതീതമാണെന്നും പാര്‍ട്ടി സമ്മതിക്കുന്നു.

തൃപ്പൂണിത്തുറ തിരിച്ചുപിടിക്കുമെന്ന് അവകാശവാദം

കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ ലഭിച്ച ജില്ലയില്‍ ഇത്തവണ ആറ് സീറ്റുകള്‍ നേടുമെന്നാണ് സിപിഎം അവലോകനം. തൃപ്പൂണിത്തുറ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കളമശേരി, കോതമംഗലം എന്നി മണ്ഡലങ്ങള്‍ നിലനിര്‍ത്തുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

കൊല്ലത്ത് വലിയ പ്രതീക്ഷ

കൊല്ലം ജില്ലയില്‍ ആറ് മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. കൊല്ലം, ചവറ, കുന്നത്തൂര്‍, കുണ്ടറ, പത്തനാപുരം മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കരുനാഗപ്പള്ളിയും കുണ്ടറയും ഇത്തവണ തിരിച്ചുപിടിക്കാമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു.

കാസര്‍കോട് ഉദുമയില്‍ ആശങ്ക

ഉദുമ മണ്ഡലത്തില്‍ പാര്‍ട്ടി 1,500 വോട്ടുകള്‍ക്ക് പിന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. അതേസമയം തൃക്കരിപ്പൂരില്‍ ന്യൂനപക്ഷ ഏകീകരണം അനുകൂലമായതായും 4,900 വോട്ടിന് വിജയിക്കുമെന്നുമാണ് പാര്‍ട്ടി കണക്കുകൂട്ടല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.