2028 മുതല്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനില്ല; പുതിയ വാഹന നയവുമായി ഡല്‍ഹി സര്‍ക്കാര്‍

2028 മുതല്‍ പെട്രോള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് രജിസ്ട്രേഷനില്ല; പുതിയ വാഹന നയവുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, എണ്ണ ഉപയോഗം നിജപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വാഹന നയത്തില്‍ നിര്‍ണായക മാറ്റം വരുത്തി ഡല്‍ഹി സര്‍ക്കാര്‍.

ഡല്‍ഹി ഇലക്ട്രിക് വെഹിക്കിള്‍ പോളിസി 2.0 യുടെ കരട് പ്രകാരം, 2028 ഏപ്രില്‍ ഒന്ന് മുതല്‍ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷനുകള്‍ അനുവദിക്കില്ല. പകരം 2029 സാമ്പത്തിക വര്‍ഷം മുതല്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമേ രജിസ്ട്രേഷന്‍ അനുവദിക്കുകയുള്ളൂ.

സംസ്ഥാനത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഡല്‍ഹി നഗരത്തില്‍ വാഹനങ്ങളുടെ ശതമാനം പരിശോധിച്ചാല്‍ ഏറ്റവും കൂടുതലുള്ളത് ഇരുചക്ര വാഹനങ്ങളാണ്.

ഇവ പൂര്‍ണമായും വൈദ്യുതിവല്‍കരിക്കുന്നത് നഗരത്തിലെ മലിനീകരണ തോത് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. മറ്റ് വിഭാഗത്തിലെ വാഹനങ്ങള്‍ക്കും സമാനമായ മാറ്റങ്ങള്‍ ഭാവിയില്‍ പ്രതീക്ഷിക്കാം. 2027 ജനുവരി ഒന്നു മുതല്‍ ഡല്‍ഹിയില്‍ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ മാത്രമേ പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദമുള്ളൂ.

പുതിയ മാറ്റത്തെ പിന്തുണയ്ക്കുന്നതിനായി സര്‍ക്കാര്‍ നിരവധി ആനുകൂല്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. 2.25 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വിലയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോവാട്ടിന് 10,000 രൂപ സബ്‌സിഡ് ലഭിക്കും. ആദ്യ വര്‍ഷം പരമാവധി 30,000 രൂപ ലഭിക്കും.

ഇതിനുപുറമെ, 2030 മാര്‍ച്ച് 31 വരെ 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് റോഡ് നികുതിയിലും രജിസ്ട്രേഷന്‍ ഫീസിലും പൂര്‍ണ ഇളവ് നല്‍കുന്നതിനൊപ്പം നഗരത്തിലുടനീളം ചാര്‍ജിങ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ഇത് ഒരു കരട് നയം മാത്രമാണ്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍. അന്തിമ രൂപം നല്‍കുന്നതിനു മുമ്പ് ചില മാറ്റങ്ങള്‍ വരുത്തിയേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.