മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയില്‍ 180-ഓളം പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണംചെയ്തെന്ന കേസില്‍ പ്രതിയായ യുവാവിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.
അമരാവതിയിലെ പറാത്വാഡ സ്വദേശിയായ മുഹമ്മദ് അയാസ് എന്ന തന്‍വീറിന്റെ വീടാണ് അച്ചല്‍പൂര്‍ മുനിസിപ്പല്‍ അധികൃതര്‍ തകര്‍ത്തത്. അനധികൃതമായി നിര്‍മിച്ച വീടിന്റെ ഒരു ഭാഗമാണ് പൊളിച്ചു കളഞ്ഞതെന്ന് മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു.
അനധികൃതമായാണ് വീടിന്റെ ഒരു ഭാഗത്തെ നിര്‍മാണം നടത്തിയതെന്ന് കാണിച്ച് തന്‍വീറിന്റെ കുടുംബത്തിന് നേരത്തേ തന്നെ നോട്ടീസ് നല്‍കിയിരുന്നു. പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ കഴിഞ്ഞ ദിവസം തന്‍വീര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മുനിസിപ്പാലിറ്റി വീട് പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. വന്‍ പോലീസ് സന്നാഹത്തോടെയായിരുന്നു ബുള്‍ഡോസര്‍ ഉപയോഗിച്ച് അനധികൃത നിര്‍മാണം തകര്‍ത്തത്.
180 ഓളം പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുരുക്കി ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിലാണ് പത്തൊമ്പതുകാരനായ തന്‍വീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കല്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള നിരവധി അശ്ലീല വീഡിയോകള്‍ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിക്കുന്ന യുവാവ്, ഇവരെ മുംബൈയിലും പൂണെയിലും എത്തിച്ചാണ് ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള നിരവധി സ്വകാര്യ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായും പരാതിയുണ്ട്.
തന്‍വീറിന്റെ ചില അശ്ലീല വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് വിഷയത്തില്‍ ഇടപെട്ടത്. ബിജെപി എംപി അനില്‍ ബോണ്ഡെയും വിഷയത്തില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
സ്നാപ്പ് ചാറ്റിലൂടെയും വാട്സാപ്പിലൂടെയുമാണ് തന്‍വീര്‍ പെണ്‍കുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നതെന്നാണ് വിവരം. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കും. തുടര്‍ന്ന് ഇവരെ മുംബൈയിലെയും പൂണെയിലെയും ഹോട്ടലുകളിലേക്ക് കൊണ്ടുപോകും.
അവിടെ വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ഇവര്‍ക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിലായ തന്‍വീര്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മിന്റെ ഭാരവാഹിയാണെന്നും ആരോപണമുണ്ട്. ഇയാളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ പാര്‍ട്ടിയുടെ അമരാവതിയിലെ നേതാവ് ഹാജി ഇര്‍ഫാന്‍ ഖാനൊപ്പമുള്ള ചിത്രവും ഒട്ടേറെ പാര്‍ട്ടി റാലികളുടെ വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു.
പെണ്‍കുട്ടികളെ ചൂഷണം ചെയ്തെന്ന കേസ് പുറത്തുവന്നതോടെ ഇത്തരം വീഡിയോകള്‍ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ അറസ്റ്റിലായ തന്‍വീറിന് എഐഎംഐഎമ്മുമായി ബന്ധമില്ലെന്ന് പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് സയ്യിദ് മുജീബ് അറിയിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ തന്‍വീറിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍, അയാള്‍ അക്കാര്യത്തില്‍ വീഴ്ച വരുത്തി. തുടര്‍ന്ന് തന്‍വീറിനെ ഈ ചുമതലയില്‍ നിന്ന് ഔദ്യോഗികമായി തന്നെ നീക്കം ചെയ്തിരുന്നതായും ഇയാള്‍ പാര്‍ട്ടി അംഗമോ ഭാരവാഹിയോ അല്ലെന്നും സയ്യിദ് മുജീബ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.