പിതൃവാത്സല്യം ചൊരിഞ്ഞ് പാപ്പ; 'നഗുൽ സാംബ'യിലെ അനാഥരായ കുരുന്നുകൾക്ക് ഇത് പുണ്യനിമിഷം

പിതൃവാത്സല്യം ചൊരിഞ്ഞ് പാപ്പ; 'നഗുൽ സാംബ'യിലെ അനാഥരായ കുരുന്നുകൾക്ക് ഇത് പുണ്യനിമിഷം

യാവുണ്ടേ (കാമറൂൺ): മാതാപിതാക്കളുടെ സ്നേഹം നിഷേധിക്കപ്പെട്ട കുരുന്നുകളുടെ ഇടയിലേക്ക് ഒരു പിതാവിന്റെ കരുതലുമായി ലിയോ പതിനാലാമൻ മാർപാപ്പയെത്തി. കാമറൂണിലെ യാവുണ്ടേയിലുള്ള നഗുൽ സാംബ എന്ന അനാഥാലയത്തിലായിരുന്നു ലോകത്തിന്റെ സ്നേഹസ്പർശമായി പാപ്പ എത്തിയത്. മുറിവേറ്റ ഹൃദയങ്ങളുമായി കഴിഞ്ഞിരുന്ന കുട്ടികൾക്ക് മുന്നിൽ കരുണയുടെയും പ്രത്യാശയുടെയും വലിയൊരു സന്ദേശമാണ് അദേഹം കൈമാറിയത്.

ക്ലേശങ്ങളുടെയും വേദനകളുടെയും ഭൂതകാലമുള്ള ഈ കുഞ്ഞുങ്ങളെ പാപ്പ യേശു എന്ന മൂത്ത സഹോദരനുള്ള വലിയൊരു കുടുംബം എന്നാണ് വിശേഷിപ്പിച്ചത്. "ദൈവം നിങ്ങളെ ഹൃദയത്തോട് ചേർത്തുപിടിക്കാൻ ആഗ്രഹിക്കുന്നു, അവിടുത്തെ നാമത്തിൽ ഞാനും നിങ്ങളെ ചേർത്തുപിടിക്കുന്നു," എന്ന പാപ്പയുടെ വാക്കുകൾ അവിടെ കൂടിയിരുന്നവരിൽ കണ്ണീരും പുഞ്ചിരിയും ഒരുപോലെ പടർത്തി.

കഴിഞ്ഞ 40 വർഷമായി ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനി സമൂഹം നടത്തി വരുന്ന ഈ അനാഥാലയത്തിന്റെ പേരിനർത്ഥം ദൈവത്തിന്റെ ശക്തി എന്നാണ്. നൂറുകണക്കിന് കുഞ്ഞുങ്ങൾക്ക് ആശ്രയമേകുന്ന സിസ്റ്റർമാരുടെയും വോളന്റിയർമാരുടെയും സേവനം ദൈവകാരുണ്യത്തിന്റെ പ്രതിഫലനമാണെന്ന് പാപ്പ പ്രശംസിച്ചു.

പരിശുദ്ധ മറിയത്തിന്റെ സംരക്ഷണത്തിന് എല്ലാവരെയും ഭരമേൽപ്പിച്ച പാപ്പ യേശുവിന്റെ ഉറ്റ കൂട്ടുകാരായി വളരാൻ കുട്ടികളെ അനുഗ്രഹിച്ചു. ലോകത്തിന് മുഴുവൻ പ്രത്യാശ നൽകുന്ന ഒരു പുണ്യനിമിഷമായി ആ സന്ദർശനം ചരിത്രത്തിൽ ഇടംപിടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.