ചിലി: ദൈവവിളിക്ക് പ്രായം ഒരു തടസമല്ല എന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഫാ. ജുവാൻ ദാസ ജാര. ഡോൺ ഒറിയോൺ സഭയിൽ 40 വർഷം ബ്രദറായി സേവനമനുഷ്ഠിച്ച ശേഷം തന്റെ 64-ാം വയസിൽ വൈദികനായി അഭിഷിക്തനായ അദേഹത്തിന് പറയാനുള്ളത് അചഞ്ചലമായ സമർപ്പണത്തിന്റെ കഥയാണ്.
ചിലിയിലെ ലജ എന്ന ഗ്രാമത്തിൽ ജനിച്ച ജുവാന്റെ ആത്മീയ അടിത്തറ പാകിയത് അദേഹത്തിന്റെ വല്യമ്മ ട്രിനിഡാഡാണ്. ഗ്രാമത്തിലെ ആദ്യ വികാരിയായിരുന്ന ഫാ. ഫെലിക്സ് ഐഷറാണ് വിശുദ്ധ ലൂയിസ് ഒറിയോണിന്റെ ജീവിതം ജുവാന് പരിചയപ്പെടുത്തിക്കൊടുത്തത്. തന്റെ ജീവിതത്തിലെ നാല് വ്രതങ്ങൾ പാലിച്ച് ഒരു സാധാരണ ബ്രദറായി 107 വയോധികരുള്ള അഭയകേന്ദ്രം നയിച്ചുവരികയായിരുന്നു ഫാ. ജുവാൻ ദാസ ജാര.
സഭയ്ക്ക് വൈദികരെ ആവശ്യമുണ്ടെന്ന സഹപ്രവർത്തകരുടെ നിർദേശമാണ് ജുവാന്റെ ചിന്തകളെ മാറ്റിയത്. 40 വർഷം ബ്രദറായും ഏഴ് വർഷം ഡീക്കനായും സേവനമനുഷ്ഠിച്ച ശേഷം പ്രാർത്ഥനയിലൂടെയും മുതിർന്നവരുടെ ഉപദേശങ്ങളിലൂടെയും ഇതൊരു ദൈവവിളിയാണെന്ന് അദേഹം തിരിച്ചറിഞ്ഞു.
2026 മാർച്ച് 21 ന് ലോസ് ഏഞ്ചൽസിലെ ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ്പ് ദൈവാലയത്തിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. "പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളാണ് ആ നിമിഷം ഉണ്ടായത്. സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി," തന്റെ ആദ്യ കുർബാനയെക്കുറിച്ച് ഫാ. ജുവാൻ ദാസ ജാര ഓർക്കുന്നു.
വൈദികനായ ശേഷവും വൃദ്ധസദനത്തിന്റെയും യുവ കുറ്റവാളികളുടെ പുനരധിവാസ പദ്ധതിയുടെയും ചുമതലകളിൽ സജീവമാണ്. ഇതിനൊപ്പം ആത്മീയ കാര്യങ്ങൾക്കും അദ്ദേഹം സമയം കണ്ടെത്തുന്നു. "ആളുകൾക്ക് അവരുടെ സങ്കടങ്ങൾ കേൾക്കാൻ ഒരാളെ ആവശ്യമുണ്ട്, അവർക്കായി നാം സമയം മാറ്റിവെക്കണം," ഫാ. ജുവാൻ വിശ്വസിക്കുന്നു.
"കർത്താവിന് സ്വയം വിട്ടുകൊടുക്കാൻ ധൈര്യം കാണിക്കുക. അവിടെ നിങ്ങൾക്ക് ഒന്നിനും കുറവുണ്ടാകില്ല," എന്നാണ് യുവജനങ്ങളോട് ഫാ. ജുവാന് നൽകാനുള്ള സന്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.