ഇന്ത്യയിലെ വനിതാ സംവരണം: നിയമസഭകളിലെ പെണ്‍കരുത്തിന്റെ ചരിത്രവും വര്‍ത്തമാനവും

ഇന്ത്യയിലെ വനിതാ സംവരണം: നിയമസഭകളിലെ പെണ്‍കരുത്തിന്റെ ചരിത്രവും വര്‍ത്തമാനവും

ഇന്ത്യന്‍ ജനാധിപത്യം എഴുപത്തിയഞ്ചാം വര്‍ഷം പിന്നിടുമ്പോള്‍ രാജ്യം കൈവരിച്ച ഏറ്റവും നിര്‍ണായകമായ രാഷ്ട്രീയ തീരുമാനങ്ങളിലൊന്നാണ് വനിതാ സംവരണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ കാണിച്ച കരുത്ത് ഇനി നിയമസഭകളിലേക്കും പാര്‍ലമെന്റിലേക്കും വ്യാപിക്കാനിരിക്കുകയാണ്. 'നാരീശക്തി വന്ദന്‍ അധിനിയമം' എന്ന പേരില്‍ 2023 ല്‍ പാസാക്കിയ ഈ നിയമത്തിന് പിന്നില്‍ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളുടെ കഥയുണ്ട്.

പോരാട്ടത്തിന്റെ നാള്‍വഴികള്‍ (1947-1980)

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നാളുകളില്‍ സ്ത്രീ സംവരണത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് നിലനിന്നിരുന്നത്. ഭരണഘടനാ നിര്‍മാണ സഭയില്‍ സരോജിനി നായിഡുവിനെപ്പോലെയുള്ള പ്രമുഖ വനിതകള്‍ പോലും പ്രത്യേക സംവരണം ആവശ്യമില്ലെന്നും കഴിവ് തെളിയിച്ച് സ്ത്രീകള്‍ മുന്നേറുമെന്നുമാണ് വിശ്വസിച്ചിരുന്നത്. എന്നാല്‍ രാഷ്ട്രീയത്തിലെ പുരുഷാധിപത്യം സ്ത്രീകളുടെ പങ്കാളിത്തം കുറയ്ക്കുന്നതായി പില്‍കാലത്ത് തെളിയിക്കപ്പെട്ടു. 1974 ല്‍ സമര്‍പ്പിക്കപ്പെട്ട 'ടുവേഡ്സ് ഇക്വാലിറ്റി' റിപ്പോര്‍ട്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണം വേണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്.

രാജീവ് ഗാന്ധിയുടെ ദീര്‍ഘ വീക്ഷണം

ഇന്ത്യയില്‍ വനിതാ സംവരണമെന്ന ആശയത്തിന് വിത്തുപാകിയത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു. സ്ത്രീകളെ ഭരണത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ അദേഹം ആഗ്രഹിച്ചു. ഇതിനായി 1987 ല്‍ മാര്‍ഗരറ്റ് ആല്‍വയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ആ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 1989 ല്‍ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ 33 ശതമാനം സംവരണം ഉറപ്പാക്കുന്ന 64-ാം ഭരണഘടനാ ഭേദഗതി ബില്‍ അദേഹം ലോക്‌സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. ലോക്‌സഭയില്‍ ബില്‍ പാസായെങ്കിലും രാജ്യസഭയില്‍ കേവലം അഞ്ച് വോട്ടുകള്‍ക്ക് അത് പരാജയപ്പെട്ടു. എങ്കിലും സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണമെന്ന വലിയൊരു ചര്‍ച്ചയ്ക്ക് രാജ്യത്ത് തുടക്കമിടാന്‍ ഇതിലൂടെ അദേഹത്തിന് സാധിച്ചു.

താഴേത്തട്ടില്‍ വിരിഞ്ഞ വിപ്ലവം (1992)

രാജീവ് ഗാന്ധി വിഭാവനം ചെയ്ത അതേ ആശയമാണ് പിന്നീട് 1992 ല്‍ പി.വി നരസിംഹറാവു സര്‍ക്കാര്‍ 73, 74 ഭരണഘടനാ ഭേദഗതികളിലൂടെ നടപ്പിലാക്കിയത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും 33 ശതമാനം സംവരണം നിര്‍ബന്ധമാക്കിയതോടെ ലക്ഷക്കണക്കിന് വനിതകള്‍ ഭരണ രംഗത്തേക്ക് കടന്ന് വന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇത് പിന്നീട് 50 ശതമാനമായി വര്‍ധിപ്പിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താഴേത്തട്ടില്‍ ഒരു വലിയ സ്ത്രീ നേതൃനിര വളര്‍ന്നുവരാന്‍ ഇത് കാരണമായി.

പാര്‍ലമെന്റിലെ 27 വര്‍ഷത്തെ കാത്തിരിപ്പ്

നിയമസഭകളിലും ലോക്‌സഭയിലും 33 ശതമാനം സംവരണം കൊണ്ടുവരാനുള്ള ശ്രമം 1996 ലാണ് ആരംഭിച്ചത്. എച്ച്.ഡി. ദേവഗൗഡ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ മുതല്‍ പിന്നീട് വന്ന എ.ബി വാജ്പേയി, മന്‍മോഹന്‍ സിങ് സര്‍ക്കാരുകള്‍ വരെ പലതവണ ഇതിനായി ശ്രമിച്ചെങ്കിലും വന്‍ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ തടസങ്ങള്‍ക്കുമാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ചില പ്രാദേശിക കക്ഷികള്‍ ഉപസംവരണം ആവശ്യപ്പെട്ട് ബില്ലിനെ ശക്തമായി എതിര്‍ത്തത് ഇതിന്റെ വഴിമുടക്കി.

2023: ചരിത്രം കുറിച്ച 'നാരീശക്തി വന്ദന്‍ അധിനിയമം'

2023 സെപ്റ്റംബറില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ വനിതാ സംവരണം വീണ്ടും സഭയില്‍ എത്തിച്ചു. 128-ാം ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയിലും രാജ്യസഭയിലും ഏകകണ്ഠമായ പിന്തുണയോടെ പാസായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇതില്‍ ഒപ്പുവെച്ചതോടെ ഇതൊരു നിയമമായി മാറി.

ഈ നിയമത്തിന്റെ പ്രധാന ഫലങ്ങള്‍:

33 ശതമാനം സീറ്റുകള്‍: ലോക്സഭയിലും എല്ലാ സംസ്ഥാന നിയമസഭകളിലും ഡല്‍ഹി നിയമസഭയിലും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി നീക്കിവെക്കും.
റൊട്ടേഷന്‍ രീതി: ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷവും സംവരണ മണ്ഡലങ്ങള്‍ മാറിക്കൊണ്ടിരിക്കും.
ഉപസംവരണം: പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി നിലവിലുള്ള സംവരണ സീറ്റുകളുടെ മൂന്നിലൊന്നും ആ വിഭാഗത്തിലെ സ്ത്രീകള്‍ക്കായിരിക്കും.

എപ്പോള്‍ മുതല്‍ ഇത് പ്രാബല്യത്തില്‍ വരും?

നിയമം പാസായെങ്കിലും ഇത് ഉടന്‍ നടപ്പിലാക്കാന്‍ സാധിക്കില്ല. പുതിയ സെന്‍സസ് (Census) റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം നടക്കുന്ന മണ്ഡല പുനര്‍ നിര്‍ണയത്തിന് (Delimitation) ശേഷമായിരിക്കും ഇത് നടപ്പിലാക്കുക. 2029 ലെ പൊതു തിരഞ്ഞെടുപ്പോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു സ്ത്രീ യുഗം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഭരണതലത്തിലെ സ്ത്രീ പങ്കാളിത്തം കേവലം പ്രതീകാത്മകമല്ലാതെ, നയരൂപീകരണത്തിലും വികസനത്തിലും അവരുടേതായ മുദ്ര പതിപ്പിക്കാന്‍ ഈ നിയമം സഹായിക്കും. വരും ദശകങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ ഈ സംവരണത്തിന് കരുത്തുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.