ഇറ്റലിയിലെ ഗുരുദ്വാരയിൽ വെടിവെപ്പ്; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു, അക്രമി രക്ഷപ്പെട്ടു

ഇറ്റലിയിലെ ഗുരുദ്വാരയിൽ വെടിവെപ്പ്; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു, അക്രമി രക്ഷപ്പെട്ടു

റോം: ഇറ്റലിയിലെ ബെർഗോമോ പ്രവിശ്യയിലുള്ള ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ രജീന്ദർ സിങ് (48), ഗുർമീത് സിങ് (48) എന്നിവരാണ് മരിച്ചത്. വൈശാഖി ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്കായി വിശ്വാസികൾ ഒരുങ്ങുന്നതിനിടയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കൊല്ലപ്പെട്ടവർക്ക് നേരെ അക്രമി ഒന്നിലേറെ തവണ വെടിയുതിർത്തതായി ഇറ്റാലിയൻ പൊലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം പ്രതി വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തു നിന്ന് പത്തോളം ഷെൽ കേസുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വെടിവെപ്പ് നടത്തിയത് മറ്റൊരു ഇന്ത്യക്കാരനാണെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. അക്രമി ഈ ഗുരുദ്വാരയിലെ സ്ഥിരം സന്ദർശകനാണെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. വ്യക്തിപരമായ തർക്കങ്ങളാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

പ്രതിക്കായി ബെർഗോമോ പ്രവിശ്യ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളിൽ ഇന്ത്യൻ വംശജർക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ആഗോളതലത്തിൽ വലിയ ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിക്കാനുള്ള നടപടികൾ ഇറ്റലിയിലെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നടന്നു വരികയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.