ജെ.ഡി വാന്‍സ് പാകിസ്ഥാനിലേക്കില്ലെന്ന് ട്രംപ്; നാവിക ഉപരോധം നീക്കാതെ വരില്ലെന്ന് ഇറാനും: യു.എസ്-ഇറാന്‍ നയതന്ത്ര നീക്കം പ്രതിസന്ധിയില്‍

ജെ.ഡി വാന്‍സ് പാകിസ്ഥാനിലേക്കില്ലെന്ന് ട്രംപ്; നാവിക ഉപരോധം നീക്കാതെ വരില്ലെന്ന് ഇറാനും: യു.എസ്-ഇറാന്‍ നയതന്ത്ര നീക്കം പ്രതിസന്ധിയില്‍

വാഷിങ്ടണ്‍: ഇസ്ലമാബാദില്‍ നടക്കാനിരിക്കുന്ന ഇറാന്‍-അമേരിക്ക രണ്ടാം ഘട്ട നയതന്ത്ര ചര്‍ച്ചയില്‍ അനിശ്ചിതത്വം. ഇസ്ലമാബാദിലേക്ക് പോകുന്ന തന്റെ പ്രതിനിധി സംഘത്തിനൊപ്പം വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇല്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാന്‍സ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് നേരത്തെ യുഎന്നിലെ യു.എസ് പ്രതിനിധി മൈക്ക് വാള്‍ട്ട്സും ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റും സൂചിപ്പിച്ചിരുന്നു.

സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ് ട്രംപ് തീരുമാനം മാറ്റിയതെന്നാണ് സൂചന. വാന്‍സ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അദേഹത്തെ പാകിസ്ഥാനിലേക്ക് അയക്കാന്‍ നിലവിലെ സുരക്ഷാ സാഹചര്യം അനുവദിക്കുന്നില്ലെന്ന് ട്രംപിനെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ഇസ്ലമാബാദിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഇറാനും വ്യക്തമാക്കി. നാവിക ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം പാകിസ്ഥാനിലേക്ക് ചര്‍ച്ചകള്‍ക്കായി പ്രതിനിധി സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. ഇതോടെ നയതന്ത്ര ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

നിലവിലെ പ്രതിസന്ധികള്‍ എത്രയും വേഗം പരിഹരിക്കുന്നതിനായി പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിമായി ഫോണില്‍ സംസാരിക്കുകയും ചര്‍ച്ചകള്‍ തുടരേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഇറാന്റെ പ്രസിഡന്റും പാകിസ്ഥാന്‍ പ്രധാനമന്ത്രിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം വിദേശ പ്രതിനിധി സംഘങ്ങളുടെ വരവ് പ്രമാണിച്ച് ഇസ്ലമാബാദില്‍ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ റെഡ് സോണ്‍ പ്രദേശങ്ങളില്‍ ഗതാഗതം പൂണമായും നിരോധിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആഡംബര ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഒഴിഞ്ഞുകൊടുക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിരുന്നു.

നൂറോളം സ്‌നൈപ്പര്‍മാരും 400 എലൈറ്റ് കമാന്‍ഡോകളും ഉള്‍പ്പെടെ ഏകദേശം പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇസ്ലമാബാദിലും റാവല്‍പിണ്ടിയിലുമായി വിന്യസിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.