'ഉപരോധം ഇറാനെ തകര്‍ക്കുന്നു, തങ്ങള്‍ യുദ്ധം ജയിച്ച് കൊണ്ടിരിക്കുന്നു': കരാറില്‍ എത്തുന്നത് വരെ തുടരുമെന്ന് ട്രംപ്; കീഴടങ്ങാനില്ലെന്ന് ഇറാന്‍

'ഉപരോധം ഇറാനെ തകര്‍ക്കുന്നു, തങ്ങള്‍ യുദ്ധം ജയിച്ച് കൊണ്ടിരിക്കുന്നു': കരാറില്‍ എത്തുന്നത് വരെ തുടരുമെന്ന് ട്രംപ്; കീഴടങ്ങാനില്ലെന്ന് ഇറാന്‍

വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക ബഹുദൂരം മുന്നിലാണെന്നും ഇറാന്റെ സൈനിക ശേഷി തകര്‍ന്നതായും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ കരാറിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇറാനെതിരെ രൂക്ഷമായ ഭാഷയില്‍ ട്രംപ് രംഗത്തെത്തിയത്.
തങ്ങള്‍ ഒരു യുദ്ധം ജയിച്ചുകൊണ്ടിരിക്കുകയാണെന്നും യു.എസ് സൈന്യം അത്ഭുതകരമായ പ്രകടനമാണ് നടത്തുന്നതെന്നുമാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

ഇറാന്റെ നാവിക സേന പൂര്‍ണമായും തുടച്ച് നീക്കപ്പെട്ടുവെന്നും വ്യോമസേന ഒളിവിലാണെന്നും ട്രംപ് പറഞ്ഞു. യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇറാനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. പ്രതിദിനം 500 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അവര്‍ക്കുണ്ടാകുന്നത്. 2015 ലെ ആണവ കരാറിനേക്കാള്‍ ശക്തമായ ഒന്നായിരിക്കും താന്‍ കൊണ്ട് വരുന്നത്. മുന്‍പത്തെ കരാര്‍ ചരിത്രത്തിലെ ഏറ്റവും മോശമായ ഒന്നായിരുന്നുവെന്നും അദേഹം വിമര്‍ശിച്ചു.

അതേസമയം അമേരിക്കയുടെ നാവിക ഉപരോധത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ വിട്ടുനില്‍ക്കുകയാണ്. അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ കപ്പലുകള്‍ക്ക് അമേരിക്ക നാവിക ഉപരോധം ഏര്‍പ്പെടുത്തിയതാണ് ഇറാന്റെ പ്രകോപനത്തിന് പ്രധാന കാരണം. ഇത് വെറും കടല്‍ക്കൊള്ള ആണെന്നാണ് ഇറാന്റെ പക്ഷം. അമേരിക്ക പിടിച്ചെടുത്ത കപ്പലിന് പകരമായി ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന്‍ സൈന്യം ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉപരോധം നീക്കാതെ ചര്‍ച്ചയ്ക്കില്ലെന്നും ആവശ്യമെങ്കില്‍ ചെങ്കടല്‍ തീരത്തെ സൗദി തുറമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള മേഖലകളെ യുദ്ധമുഖമാക്കി മാറ്റുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.

സംഘര്‍ഷം ലഘൂകരിക്കാന്‍ പാകിസ്ഥാന്റെ നേതൃത്വത്തില്‍ സജീവമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അടുത്ത ഘട്ട ചര്‍ച്ചകള്‍ക്കായി യു.എസ് പ്രതിനിധി സംഘം ഇസ്ലമാബാദിലെത്തുമെന്ന് ട്രംപ് അറിയിച്ചെങ്കിലും ഇറാന്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

അതിനിടെ മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും മാറിമറിയുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിക്കുകയും സൗദിക്ക് കൂടുതല്‍ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങള്‍ പശ്ചിമേഷ്യയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.