'ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുള്ള ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തണം': നിര്‍ദേശവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ

'ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുള്ള ബാങ്കിങ് സേവനങ്ങള്‍ നിര്‍ത്തണം': നിര്‍ദേശവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ

ദുബായ്: വാട്സ് ആപ്പ് പോലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ചുള്ള ബാങ്കിങ് സേവനങ്ങള്‍ ഉടനടി നിര്‍ത്തണമെന്ന നിര്‍ദേശവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). സാമ്പത്തിക സേവനങ്ങള്‍, ഉപഭോക്തൃ വിവര ശേഖരണം തുടങ്ങി ഒരു സേവനങ്ങളും ഇത്തരത്തില്‍ നടത്താന്‍ പാടില്ലെന്നാണ് സിബിയുഎഇയുടെ നിര്‍ദേശം.

ഉപയോക്താവിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും യുഎഇയുടെ സാമ്പത്തിക സംവിധാനത്തില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കുന്നതിനുമാണ് ഈ നീക്കമെന്നാണ് സിബിയുഎഇയുടെ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയന്ത്രണത്തിനും മാനദണ്ഡങ്ങള്‍ക്കും കീഴിലുള്ള എല്ലാ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമാണ്.

ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളുടെ ഉപയോഗം കൂടിയതോടെ വഞ്ചന, ആള്‍മാറാട്ടം, സൈബര്‍ ആക്രമണങ്ങള്‍, തട്ടിപ്പുകള്‍ തുടങ്ങി സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വരെ ഉയര്‍ന്നതായി നോട്ടീസിലുണ്ട്. രാജ്യത്തെ ബാങ്കിങ് ഇടപാടുകളുടെ വിവരങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് ചോര്‍ന്ന് പോകാതിരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

വാട്സാപ്പിലൂടെ ചെയ്യാന്‍ പാടില്ലാത്ത സേവനങ്ങള്‍:

ഉപഭോക്താവിന്റെ വിവരങ്ങള്‍ ചോദിക്കാനോ പങ്കുവയ്ക്കാനോ പാടില്ല.
പേയ്മെന്റുകളുടെ വിവരങ്ങള്‍, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയൊന്നും അറിയിക്കരുത്.
പാസ്വേഡുകള്‍, പിന്‍ നമ്പറുകള്‍ അല്ലെങ്കില്‍ ഒറ്റത്തവണ പാസ്വേഡുകള്‍ എന്നിവ അയക്കാന്‍ പാടില്ല.
ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കില്‍ സാമ്പത്തിക വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ കൈമാറരുത്.
പുതിയ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറരുത്.

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികള്‍ ഉള്‍പ്പെടെ ഇക്കാര്യം ശ്രദ്ധിക്കണം. ട്രാന്‍സാക്ഷന്‍ നടന്നാല്‍ വാട്സാപ്പിലൂടെ വന്നിരുന്ന മെസേജുകള്‍ ഇനി വരില്ല. മാത്രമല്ല, സുരക്ഷ ഉറപ്പാക്കാനായി ഒരിക്കലും നിങ്ങള്‍ ഒടിപിയോ മറ്റ് പാസ്വേഡുകളോ വാട്സാപ്പ് സന്ദേശത്തിലൂടെ കൈമാറരുത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.