ടോള്‍ തുക സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിച്ചു: ഹോര്‍മുസിലെ ആദ്യ വരുമാനം ഔദ്യോഗികമായി അറിയിച്ച് ഇറാന്‍

ടോള്‍ തുക സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിച്ചു: ഹോര്‍മുസിലെ ആദ്യ വരുമാനം ഔദ്യോഗികമായി അറിയിച്ച് ഇറാന്‍

ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തിയതിലെ ആദ്യ വരുമാനം ലഭിച്ചതായി ഇറാന്‍. ടോള്‍ ഇനത്തില്‍ ലഭിച്ച ആദ്യ ഗഡു സെന്‍ട്രല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ഇറാന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഹമീദ് റെസ ഹാജിബാബേയ് ഔദ്യോഗികമായി അറിയിച്ചു.

പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കത്തിന് ടോള്‍ ഏര്‍പ്പെടുത്താന്‍ ഇറാന്‍ പാര്‍ലമെന്റ് ബില്‍ പാസാക്കിയത്. മാര്‍ച്ച് 30 ന് പാര്‍ലമെന്റ് സുരക്ഷാ കമ്മിറ്റി ഇതിന് അംഗീകാരം നല്‍കുകയും ചെയ്തു. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്ന് നടന്നിരുന്ന ഈ പാതയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിരലിലെണ്ണാവുന്ന കപ്പലുകള്‍ക്ക് മാത്രമാണ് നിലവില്‍ കടന്നുപോകാന്‍ അനുമതിയുള്ളത്. കഴിഞ്ഞ ദിവസം മുതല്‍ ടോള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കപ്പലുകള്‍ പിടിച്ചെടുക്കാനും ഇറാന്‍ ആരംഭിച്ചിട്ടുണ്ട്.

ഇറാന്റെ ഈ നീക്കം ആഗോള ചരക്ക് നീക്കത്തെയും എണ്ണ വിപണിയെയും വലിയ തോതില്‍ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെ മുപ്പതോളം രാജ്യങ്ങള്‍ ഹോര്‍മുസിലെ ഗതാഗത സുരക്ഷയെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണ്. അതേസമയം ഇറാന്റെ നീക്കത്തിന് തിരിച്ചടിയായി അമേരിക്ക ഇറാനിയന്‍ തുറമുഖങ്ങളെ ലക്ഷ്യമിട്ട് നാവിക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.