പത്ത് വര്‍ഷം മുന്‍പ് മാറ്റിവച്ച ഹൃദയം നിലച്ചു; ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ വിടവാങ്ങി

പത്ത് വര്‍ഷം മുന്‍പ് മാറ്റിവച്ച ഹൃദയം നിലച്ചു; ചാലക്കുടി സ്വദേശി മാത്യു അച്ചാടന്‍ വിടവാങ്ങി

തൃശൂര്‍: പത്ത് വര്‍ഷം മുന്‍പ് ഹൃദയം മാറ്റിവച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ച ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടന്‍ വിടവാങ്ങി. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

2015 ജൂലൈ 24 നാണ് തിരുവനന്തപുരം സ്വദേശി നീലകണ്ഠ ശര്‍മയുടെ ഹൃദയം മാത്യു അച്ചാടന്‍ സ്വീകരിച്ചത്. നാവിക ഹെലികോപ്ടറിലാണ് അന്ന് ഹൃദയം എത്തിച്ചത്. ഓട്ടോ ഡ്രൈവറും ചുമട്ടുതൊഴിലാളിയുമായിരുന്ന മാത്യുവിന് നാല്‍പത്തിയേഴാം വയസിലാണ് ഹൃദയം മാറ്റിവച്ചത്.

2015 ജൂലൈ 24 ന് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠ ശര്‍മയ്ക്ക് മസ്തിഷ്‌കമരണം സംഭവിച്ചിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ അനിവാര്യമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ചാലക്കുടി സ്വദേശി മാത്യു അച്ചാടന് നീലകണ്ഠ ശര്‍മയുടെ ഹൃദയം യോജിക്കുമെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ നടപടികള്‍ വേഗത്തില്‍ ആക്കുകയായിരുന്നു.

ഹൃദയം തിരുവനന്തപുരത്ത് നിന്ന് 210 കിലോമീറ്റര്‍ അകലെ കൊച്ചിയില്‍ അഞ്ച് മണിക്കൂറിനുള്ളില്‍ എത്തിച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. റോഡ് മാര്‍ഗം പ്രായോഗികമല്ല. ആകാശ മാര്‍ഗം എത്തിക്കുന്നതിനെ കുറിച്ചായിരുന്നു പിന്നീട് ചര്‍ച്ച. വിവരം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ അറിയിക്കുകയും അദേഹം ഇടപെട്ട് കൊച്ചിയില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ എയര്‍ ആംബുലന്‍സ് സജ്ജമാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ പൂര്‍ത്തിയാക്കി രാത്രി 12 ന് തന്നെ ഉത്തരവിറക്കുകയായിരുന്നു.

കൊച്ചിയില്‍ നിന്ന് പ്രശസ്ത ഹൃദ്യോഗ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ തിരിച്ച ആംബുലന്‍സ് തിരുവനന്തപുരത്ത് എത്തി ശസ്ത്രക്രിയ നടത്തിയ ശേഷം രാത്രി ഏഴിന് ഹൃദയവുമായി കൊച്ചിയില്‍ ഇറങ്ങി.

അന്ന് നേവല്‍ ബേസില്‍ നിന്ന് ആശുപത്രിയിലേക്ക് 12 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വേണ്ടിവന്നത് 13 മിനിട്ടുകള്‍ മാത്രമാണ്. രാത്രി 7: 45 ന് തുടങ്ങിയ ശസ്ത്രക്രിയ പൂര്‍ത്തിയാകാന്‍ ഏഴ് മണിക്കൂര്‍ വേണ്ടിവന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.