വിശുദ്ധ പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലെ നഷ്ടപ്പെട്ട അധ്യായങ്ങൾ വീണ്ടെടുത്തു; ആറാം നൂറ്റാണ്ടിലെ വിസ്മയം തിരികെ ലഭിച്ചത് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ

വിശുദ്ധ പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലെ നഷ്ടപ്പെട്ട അധ്യായങ്ങൾ വീണ്ടെടുത്തു; ആറാം നൂറ്റാണ്ടിലെ വിസ്മയം തിരികെ ലഭിച്ചത് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ

ഗ്ലാസ്‌ഗോ/സ്‌കോട്ട്‌ലാന്‍ഡ്: വിശുദ്ധ പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളുടെ ആറാം നൂറ്റാണ്ടിലെ പുരാതന പകർപ്പിൽ നിന്ന് എട്ടു നൂറ്റാണ്ടുകൾക്ക് മുൻപ് നഷ്ടമായ പേജുകൾ ഗവേഷകർ വീണ്ടെടുത്തു. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ 42 പേജുകളിലെ അക്ഷരങ്ങളാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര ഗവേഷക സംഘം തിരിച്ചെടുത്തത്. ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെ പ്രഫസര്‍ ഗാരിക്ക് വി അലൻ ആണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്.

വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളുടെ പ്രാചീന പകർപ്പായ 'കോഡെക്‌സ് എച്ച്' എന്ന കയ്യെഴുത്തുപ്രതിയിൽ നിന്നാണ് ഇവ കണ്ടെത്തിയത്. 13-ാം നൂറ്റാണ്ടിൽ ഗ്രീസിലെ എത്തോസ് മലമുകളിലുള്ള സന്യാസ ആശ്രമത്തിൽ വെച്ചാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ നഷ്ടപ്പെട്ടത്.

കയ്യെഴുത്തു പ്രതിയിലെ താളുകളിൽ പഴയ മഷി എതിർവശത്തെ പേജുകളിൽ അടയാളങ്ങൾ സൃഷ്ടിച്ച 'മിറർ ഇഫക്ട്' എന്ന പ്രതിഭാസമാണ് ഗവേഷകർക്ക് വഴിത്തിരിവായത്. ഭൗതികമായി പേജുകൾ നിലവിലില്ലെങ്കിലും, ഈ സൂക്ഷ്മ അടയാളങ്ങൾ 'മൾട്ടിസ്‌പെക്ടറൽ ഇമേജിംഗ്' വഴി വിശകലനം ചെയ്ത് അക്ഷരങ്ങൾ വേർതിരിച്ചെടുക്കുകയായിരുന്നു.

വീണ്ടെടുത്ത ഭാഗങ്ങളിൽ പൗലോസിന്റെ ലേഖനങ്ങളുടെ ഏറ്റവും പഴയ അധ്യായ പട്ടികകളും ഉൾപ്പെടുന്നു. ഇവ ഇന്നത്തെ ബൈബിൾ അധ്യായ വിഭജനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെന്നത് ചരിത്രപരമായി വലിയ പ്രാധാന്യമർഹിക്കുന്നു.

ആറാം നൂറ്റാണ്ടിലെ എഴുത്തുകാർ എങ്ങനെയാണ് തിരുത്തലുകളും കുറിപ്പുകളും രേഖപ്പെടുത്തിയിരുന്നത് എന്നതിലേക്കും ഈ കണ്ടെത്തൽ വെളിച്ചം വീശുന്നു. പാരീസിൽ നടത്തിയ റേഡിയോകാർബൺ പരിശോധനകളിലൂടെ ഈ കയ്യെഴുത്തുപ്രതി ആറാം നൂറ്റാണ്ടിലേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഹ്യുമാനിറ്റീസ് റിസേര്‍ച്ച് കൗണ്‍സിലും ടെംപിള്‍റ്റണ്‍ റിലീജിയന്‍ ട്രസ്റ്റും നൽകിയ സാമ്പത്തിക സഹായത്തോടെയായിരുന്നു ഈ സുപ്രധാനമായ കണ്ടെത്തൽ. സഭാ ചരിത്രത്തിലും ബൈബിൾ വിജ്ഞാനീയത്തിലും പുതിയ പഠനങ്ങൾക്ക് ഈ കണ്ടെത്തൽ വഴിതുറക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.